
തിരുവനന്തപുരം: ഉപയോഗം കുറഞ്ഞിട്ടും സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി നിയന്ത്രണം. ദീര്‍ഘകാല കരാറുകള്‍ വഴിയുള്ള വൈദ്യുതി ലഭ്യത ഇന്നലെ കുത്തനെ കുറഞ്ഞു. ദീര്‍ഘകാല കരാര്‍ പ്രകാരമുള്ള വൈദ്യുതി കിട്ടിയില്ലെങ്കിൽ ഇന്നും നിയന്ത്രണത്തിന് സാധ്യതയുണ്ട്. പ്രതിസന്ധി ഒറ്റയടിക്ക് തീരില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. മഴ വന്നിട്ടും ഉപയോഗം കുറഞ്ഞിട്ടും കറന്‍റ് കട്ട് തുടരുകയാണ്. ഓരോ ദിവസവും കട്ടിന് ഓരോ കാരണങ്ങളാണ് അധികൃതർ പറയുന്നത്. ഇന്നലെ വൈദ്യുതി ഉപയോഗം 91.62 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. പക്ഷേ 100 ദശലക്ഷം യൂണിറ്റിന് അടുത്ത് ഉപയോഗം ഉയര്‍ന്ന ദിവസങ്ങളിലേതു പോലെ രാത്രിയിൽ രണ്ടു വട്ടം നിയന്ത്രണമുണ്ടായി. ഇന്നലത്തെ കാരണം ദീര്‍ഘകാല കരാര്‍ വഴി കിട്ടേണ്ട വൈദ്യുതി കിട്ടാത്തതാണ്. നിലയങ്ങളുടെ തകരാറ് മൂലം മൂന്നു കമ്പനികളിൽ നിന്ന് വൈദ്യുതി കിട്ടിയില്ലെന്നാണ് വിവരം. ഇങ്ങനെ 413 മെഗാവാട്ടിന്‍റെ കുറവുണ്ടായെന്നാണ് കെഎസ്ഇബി വൃത്തങ്ങള്‍ പറയുന്നത്. നാളെയേ പ്രശ്നം പരിഹരിക്കൂവെന്നാണ് വിവരം. ഹ്രസ്വകാല ഇടപാടുകള്‍ വഴിയുള്ള വൈദ്യുതിയും കുറഞ്ഞു.
ഇതോടെ,കേന്ദ്ര പൂളിൽ നിന്ന് മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ കിട്ടിയിട്ടും 75 മെഗാവാട്ട് ഒഡീഷ്യയിൽ നിന്ന് തരപ്പെടുത്തിയിട്ടും കറണ്ട് കട്ട് ഒഴിവായില്ല. കേന്ദ്ര പൂളിൽ നിന്ന് 44.72 ദശലക്ഷം യൂണിറ്റ് കിട്ടിയിരുന്നു. പ്രതിസന്ധിയിൽ സര്‍ക്കാരും കെഎസ്ഇബിയും കടുത്ത പ്രതിരോധത്തിലായപ്പോഴാണ് കറന്‍റ് വാങ്ങാൻ ഡയറക്ടര്‍മാര്‍ സംസ്ഥാനത്തിന് പുറത്തേയ്ക്ക് പോയത്. ജൂണിൽ തന്നെ ഈ മാസം പീക്ക് സമയത്ത് വൈദ്യുതിയുടെ കുറവുണ്ടെന്ന് വ്യക്തമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam