കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് കാത്ത് സംസ്ഥാനം; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി കിട്ടിയേക്കും

By Web TeamFirst Published Sep 11, 2021, 6:58 AM IST
Highlights

വാക്സീനേഷൻ മുന്നേറിയതിലെ ആശ്വാസമാണ് കൂടുതൽ ഇളവുകളിലേക്ക് നീങ്ങാൻ സർക്കാരിന് കരുത്താകുന്നത്. ഈ മാസം മുപ്പതിനകം സമ്പൂർണ്ണ ആദ്യഡോസ് വാക്സിൻ കവറേജാണ് ലക്ഷ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ അടുത്തയാഴ്ചയോടെ കൂടുതൽ ഇളവുകൾ ഉണ്ടാകും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി ലഭിച്ചേക്കും. നിയന്ത്രണം വാർഡ് തലത്തിൽ നിന്നും മൈക്രോ കണ്ടെയിന്മെന്റ് തലത്തിലേക്ക് നീങ്ങും. കോളേജുകൾ ഒക്ടോബർ നാലിന് തുറക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. സ്കൂളുകളും അടുത്ത മാസം തുറന്നേക്കും. 

വാക്സീനേഷൻ മുന്നേറിയതിലെ ആശ്വാസമാണ് കൂടുതൽ ഇളവുകളിലേക്ക് നീങ്ങാൻ സർക്കാരിന് കരുത്താകുന്നത്. ഈ മാസം മുപ്പതിനകം സമ്പൂർണ്ണ ആദ്യഡോസ് വാക്സിൻ കവറേജാണ് ലക്ഷ്യം. വാക്സീനേഷൻ 80 ശതമാനത്തോട് അടുക്കുകയാണ്. 78 ശതമാനം പേർക്ക് ഒന്നാം ഡോസും 30 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. ഏഴ് ലക്ഷം വാക്സീൻ കൈയ്യിലുള്ളത് ഇന്നത്തോടെ കൊടുത്തുതീർക്കുമെന്നാണ് ഇന്നലെ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. 45 വയസിന് മേലെ പ്രായമുള്ള 93 ശതമാനം പേർക്ക് ഒരു ഡോസും 50 ശതമാനം പേർക്ക് രണ്ട് ഡോസും നൽകി. 

കോളേജ് വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്സീനേഷന് സൗകര്യമൊരുക്കുമെന്നാണ് പ്രഖ്യാപനം. വിദ്യാർത്ഥികൾ വാക്സീന് ആശാവർക്കറെ ബന്ധപ്പെടണം. കോളേജിലെത്തും മുൻപ് വിദ്യാർത്ഥികൾ ഒരു ഡോസ് വാക്സീനെങ്കിലും എടുക്കണമെന്നാണ് നിർദ്ദേശം.

സർവകലാശാലകൾ കേന്ദ്രീകരിച്ച് വാക്സീനെടുക്കാത്ത വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കണക്കെടുത്ത് ആരോഗ്യവകുപ്പിന് നൽകും. അത് അടിസ്ഥാനമാക്കി വാക്സീനേഷൻ ക്യാംപ് നടത്തും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!