
തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‍സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ശക്തമായി തുടരുന്നു. ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ് ഉദ്യോഗാര്‍ത്ഥികളുടെ സമരം 26 ദിവസം പിന്നിട്ടു. 13ആം ദിവസത്തിലാണ് സിവിൽ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ പ്രതിഷേധം. ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തുന്നതിൽ സർക്കാർ തീരുമാനം ഇന്ന് ഉണ്ടാവും. മന്ത്രിതല ചർച്ചയാണ് ഉദ്യോഗാർത്ഥികൾ പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇത് വരെ സർക്കാർ ചർച്ചക്ക് വിളിച്ചില്ലെന്നും പലരെയും വിളിച്ചിട്ടും കൃത്യമായ വിവരം കിട്ടിയില്ലെന്നും ഉദ്യോഗാർത്ഥികൾ അറിയിച്ചു. എങ്കിലും പ്രതീക്ഷ ഉണ്ടെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
ചർച്ച വേണ്ട എന്ന നിലപാടിലായിരുന്ന മുഖ്യമന്ത്രിയോട് കടുംപിടിത്തം വേണ്ട എന്ന് പാർട്ടി നിർദേശിച്ചിരുന്നു. ചർച്ചയ്ക്ക് തയ്യാറാവണമെന്ന് ഗവർണറും ആവശ്യപ്പെട്ടതായാണ് സൂചന. ചർച്ച വേണ്ടെന്ന നിലപാട് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നു എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്തതടക്കം സർക്കാർ കൈകൊണ്ട നടപടികൾ ഉദ്യോഗാർത്ഥികളെ ബോധ്യപ്പെടുത്താനാണ് തീരുമാനം. ഉപാധികളില്ലാതെ സർക്കാർ ചർച്ച നടത്തണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യം. എന്നാൽ, സർക്കാർ ചർച്ചക്ക് ഒരുങ്ങുമ്പോഴും വ്യക്തമായ ഫോർമുലയില്ല. കൂടുതലൊന്നും ചെയ്യാനില്ലെന്ന വാദമാകും സർക്കാർ ചർച്ചയിലും അറിയിക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam