സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മിന്നുന്ന പ്രകടനം; 27 സ്ഥാപനങ്ങൾ ലാഭത്തിൽ; അർധവാർഷിക കണക്ക് പുറത്തുവിട്ട് സർക്കാർ

Published : Nov 10, 2025, 03:27 AM IST
P Rajeev with Pinarayi Vijayan

Synopsis

നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് പാദങ്ങളിൽ സംസ്ഥാനത്തെ 48 പൊതുമേഖലാ സ്ഥാപനങ്ങളിൽ 27 എണ്ണം ലാഭത്തിലായെന്ന് സർക്കാർ. ഇതോടെ ആകെ വിറ്റുവരവ് 2440 കോടിയായും പ്രവർത്തന ലാഭം 27.30 കോടിയായും ഉയർന്നു. കഴിഞ്ഞ വർഷം 11 സ്ഥാപനങ്ങൾ മാത്രമാണ് ലാഭം നേടിയത

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ വൻ മുന്നേറ്റമെന്ന് സംസ്ഥാന സർക്കാർ. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് സാമ്പത്തിക പാദങ്ങളിലെ കണക്കുകൾ വിശദീകരിച്ചുള്ള കണക്ക് സംസ്ഥാന സർക്കാർ പുറത്തുവിട്ടു. സംസ്ഥാന സർക്കാരിന് കീഴിലെ 48 പൊതുമേഖലാ സ്ഥാപനങ്ങളിൽ 27 എണ്ണം ലാഭത്തിലായെന്നും ആകെ വിറ്റുവരവ് 2440 കോടിയായി ഉയർന്നുവെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ പ്രവർത്തന ലാഭം 27.30 കോടിയായും ഉയർന്നു.

ലാഭത്തിലായ കമ്പനികൾ

കെ എം എം എൽ, കെൽട്രോൺ, കെൽട്രോൺ ഇ സി എൽ, കെൽട്രോൺ കംപോണൻ്റ്സ്, ടി സി സി, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ്എൻജിനീയറിങ് കമ്പനി, കയർ കോർപ്പറേഷൻ, കെ എസ് ഐ ഇ, ടെൽക്ക്, എസ് ഐ എഫ് എൽ, മിനറൽ ഡെവലപ്മെൻറ് കോർപ്പറേഷൻ, കെ സി സി പി എൽ, കയർഫെഡ്, സിൽക്ക്, ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപ്പറേഷൻ, എഫ് ഐ ടി, മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ, കെ കരുണാകരൻ സ്മാരക സഹകരണ സ്പിന്നിംഗ് മിൽ, ഫോം മാറ്റിംഗ്സ്, ആലപ്പി സഹകരണ സ്പിന്നിംഗ് മിൽ, സ്മാൾ ഇൻഡസ്ട്രീസ് ഡവലപ്മെൻ്റ് കോർപ്പറേഷൻ, പ്രിയദർശിനി സഹകരണ സ്പിന്നിങ് മിൽ, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ, കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി എന്നീ പുതുമേഖലാ സ്ഥാപനങ്ങളാണ് നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്നത്.

പുതുതായി 14 സ്ഥാപനങ്ങൾ ലാഭത്തിൽ

വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ ചേർന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ കണക്ക് വ്യക്തമാക്കിയത്. ഒക്ടോബറിൽ 27 സ്ഥാപനങ്ങൾ ലാഭത്തിലായി. ഏപ്രിൽ - സെപ്തംബറിൽ 25 സ്ഥാപനങ്ങളാണ് ലാഭത്തിൽ പ്രവർത്തിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പുതുതായി 14 പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി ലാഭത്തിലായി. 7 പൊതുമേഖലാ സ്ഥാപനങ്ങൾ അവയുടെ ലാഭം വർദ്ധിപ്പിച്ചു. വിറ്റുവരവിൽ 9.07 ശതമാനം വർധനവുണ്ടായി. 32 പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു വരവ് വർദ്ധിപ്പിച്ചു. ആകെ പ്രവർത്തന ലാഭം 27.30 കോടി രൂപയാണ്. പ്രവർത്തന ലാഭത്തിലും 82.09 കോടി രൂപയുടെ വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11 പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു ലാഭത്തിൽ ഉണ്ടായിരുന്നത്. അറ്റാദായം നേടുന്ന സ്ഥാപനങ്ങളുടെ എണ്ണം 17 ആയി ഉയർന്നു. കഴിഞ്ഞവർഷം ഇത് 9 ആയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ വിറ്റു വരവ് 2440.14 കോടി ആയി വർദ്ധിച്ചു. കഴിഞ്ഞവർഷം ഇത് 2299 കോടിയായിരുന്നു. - റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഏറ്റവും ലാഭമുണ്ടാക്കിയത് കെഎംഎംഎൽ, കെൽട്രോണിനും മുന്നേറ്റം

ചവറ കെ എം എം എൽ ആണ് 48 പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും അധികം പ്രവർത്തന ലാഭം ഉണ്ടാക്കിയത്, 4548.64 ലക്ഷം രൂപ. ഒക്ടോബർ മാസത്തിലെ മാത്രം പ്രവർത്തന ലാഭം 1461.24 ലക്ഷം രൂപയാണ്. കെൽട്രോൺ 1268.20 ലക്ഷം രൂപ പ്രവർത്തന ലാഭം നേടി. കഴിഞ്ഞവർഷം നേരിട്ട നഷ്ടത്തെ മറികടന്നാണ് കെൽട്രോണിൻ്റെ മുന്നേറ്റം. കെൽട്രോൺ ഇ.സി.എൽ 1184.59 ലക്ഷം പ്രവർത്തന ലാഭം കൈവരിച്ചു. പ്രതിരോധ മേഖല, എയ്റോസ്പേസ്, ഇലക്ട്രോണിക്സ്, നിർമ്മിത ബുദ്ധി അധിഷ്ഠിത സാങ്കേതികവിദ്യ എന്നിവയിൽ രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച പൊതുമേഖലാസ്ഥാപനമായി കെൽട്രോൺ മാറി. ഐ എൻ എസ് തമാൽ യുദ്ധക്കപ്പൽ നിർമ്മാണത്തിൽ വലിയ പങ്ക് കെൽട്രോൺ വഹിക്കുന്നുണ്ട്. ആയിരം കോടിയിലേറെ വിറ്റുവരവ് നേടാനും കെൽട്രോണിന് കഴിഞ്ഞു.

കെഎഎൽ ഇലക്രിക് സ്‌കൂട്ടർ നിർമിക്കും

ഇലക്ട്രിക് സ്കൂട്ടർ വിപണിയിലേക്ക് സംയുക്ത സംരംഭവുമായി കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് പ്രവേശിച്ചു. ഗുണനിലവാരമുള്ള മരുന്നുകൾ ഉറപ്പുവരുത്തുന്നതിനായി കെ എസ് ഡി പി വിപണന കേന്ദ്രം തുറന്നു. കെ ഇ എല്ലിന് കർണാടക സർക്കാരിൽ നിന്ന് ലഭിച്ച ഓർഡറുകൾ ഉൾപ്പെടെ ബിസിനസ് വിപുലപ്പെടുത്താനായി. കെ സി സി പി എൽ ഉൽപന്ന വൈവിധ്യവൽക്കരണത്തിലേക്ക് കടന്നു. ലുലു മാൾ ഉൾപ്പെടെ വിവിധ പ്രീമിയം കേന്ദ്രങ്ങളിൽ വിപണനശാലകൾ തുറന്ന് കയർ കോർപ്പറേഷൻ ലാഭം വർദ്ധിപ്പിച്ചു. 60 ലക്ഷം രൂപയുടെ വിറ്റു വരവും നേടി. തൊഴിലാളികളുടെ നിയമപരമായ ബാധ്യതകൾ തീർക്കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ ബജറ്റിൽ 42.50 കോടി രൂപ അനുവദിച്ചിരുന്നു. 32 പൊതുമേഖലാ സ്ഥാപനങ്ങൾ സുരക്ഷ ഓഡിറ്റ് നടപ്പാക്കിയതായും അവലോകനത്തിൽ വ്യക്തമായി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്, മാനേജിംഗ് ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
'10 വർഷം എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണം'; ബിഡിജെഎസിനോട് വെള്ളാപ്പള്ളി