
കോഴിക്കോട്: ദേശീയ പാത നവീകരണത്തിന്റെ മറവില്‍ വ്യവസായിയുടെ പുരയിടം സംരക്ഷിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സംരക്ഷണ ഭിത്തി നിര്‍മിക്കുന്നു. നിര്‍മാണത്തിന്റെ ഭാഗമായി പാതയോരത്ത് നിന്ന് നീക്കുന്ന മണ്ണ് തളളുന്നതാകട്ടെ ഇതേ വ്യവസായിയുടെ മറ്റൊരു ഭൂമി നികത്താനും. വയനാട് ലക്കിടിയിലാണ് സംഭവം.
വയനാട് ലക്കിടിയില്‍ കോയന്‍കോ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുളള വസ്തുവിന്റെ മുന്നിലാണ് നിര്‍മാണം. ദേശീയ പാതയോരത്ത് മണ്ണിടിച്ചില്‍ തടയാനായി സദുദ്ദേശ്യത്തോടെ നടത്തുന്ന ഒരു നിര്‍മാണ പ്രവൃത്തിയെന്നാണ് ഒറ്റ നോട്ടത്തില്‍ തോന്നുക. എന്നാല്‍ മണ്ണിടിച്ചില്‍ സൃഷ്ടിച്ചതും ഇവിടെ നിന്ന് മണ്ണ് നീക്കുന്നതും കോയന്‍കോ ഗ്രൂപ്പിനെ സഹായിക്കാനാണെന്നതിന്‍റെ തെളിവുകളാണ് പുറത്ത് വരുന്നത്.
ഉറച്ച മണ്‍തിട്ടയായിരുന്ന ഈ ഭാഗം എങ്ങനെയാണ് ഇടിഞ്ഞു താഴാന്‍ തുടങ്ങിയത് എന്നറിയാന്‍ മൂന്നു വര്‍ഷം മുൻപ് ഇതേ ഭാഗത്ത് നടന്ന ഒരു മണ്ണ് മോഷണക്കേസ് അറിയണം. 2018 മാര്‍ച്ചിലാണ് കോയന്‍കോ ഗ്രൂപ്പിന്‍റ വസ്തുവിന്റെ മൂന്നിലുളള ഭാഗത്ത് നിന്ന് പട്ടാപ്പകല്‍ 50 ലോഡിലേറെ മണ്ണ് ഇടിച്ച് ലോറികളില്‍ കടത്തിക്കൊണ്ടുപോയത്. പൊതുമരാമത്ത് വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന ഈ കൊളളയെക്കുറിച്ച് അന്നത്തെ അസിസ്റ്റന്റ് എന്‍ജീനീയര്‍ ലക്ഷ്മണന്‍ വൈത്തിരി പൊലീസില്‍ പരാതി നല്‍കി. 201/2018 ക്രൈം നമ്പറില്‍ കേസുമെടുത്തു.
ഈ കേസില്‍ വിചാരണ തുടരുമ്പോഴാണ് 50 ലക്ഷത്തിലേറെ രൂപ ചെലവിട്ട് ഇവിടെ സംരക്ഷണ ഭിത്തി കെട്ടുന്നത്. ചുരുക്കത്തില്‍ ലക്ഷങ്ങള്‍ മുടക്കി ഇവിടെ സംരക്ഷണ ഭിത്തി നിര്‍മിക്കാനുളള സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കുകയായിരുന്നു. ഇവിടെ നിന്നെടുക്കുന്ന മണ്ണ് തളളുന്നത് സമീപത്ത് തന്നെയുളള കോയന്‍കോ ഗ്രൂപ്പിന്‍റെ ഉടമസ്ഥതിയിലുളള ഭൂമിയിലെ നിര്‍മാണത്തിനാണ്. പൊതുമരാമത്ത് വകുപ്പിന്‍റെ ഉടമസ്ഥതിയിലുളള ഭൂമിയില്‍ നിന്നെടുക്കുന്ന മണ്ണ് പൊതുസ്ഥലത്ത് തന്നെ സൂക്ഷിക്കണമെന്നും അത് ലേലം ചെയ്യണമെന്നുമുളള വ്യവസ്ഥ നിലനില്‍ക്കെയാണ് ഈ കൊളള.
ദേശീയ പാത വീതികൂട്ടലിന്‍റെ ഭാഗമായി വഴി നഷ്ടപ്പെട്ടവരും മണ്ണ് ഇടിഞ്ഞവരുമായി നിരവധി സാധാരണക്കാര്‍ സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന ആവശ്യവുമായി കാത്തു നില്‍ക്കുമ്പോഴാണ് മുന്‍ കരാറുകാര്‍ കൂടിയായ കോയന്‍കോ ഗ്രൂപ്പിനെ സഹായിക്കാനുളള ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam