Kerala Rain|കക്കി-ആനത്തോട് ഡാമിൽ റെഡ് അലർട്ട്, മുല്ലപ്പെരിയാർ 2 ഷട്ടർ തുറക്കും, പുനലൂരിൽ മലവെള്ളപ്പാച്ചിൽ

By Web TeamFirst Published Oct 28, 2021, 10:54 PM IST
Highlights

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുകയാണ്. മുല്ലപ്പെരിയാറിലേക്ക് നീരൊഴുക്ക് കൂടി. കൊല്ലത്ത് മലവെള്ളപ്പാച്ചിലിൽ വീടുകളിലേക്ക് വെള്ളം കയറി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇതേത്തുടർന്ന് പത്തനംതിട്ടയിലെ കക്കി-ആനത്തോട് അണക്കെട്ടിൽ ജലനിരപ്പ് വാണിങ് ലെവലിലെത്തി. ഇവിടെ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ നിയന്ത്രിത അളവില്‍ ജലം തുറന്നു വിടുമെന്ന് അറിയിച്ചിട്ടുണ്ട്. പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ല ഭരണകൂടം അറിയിച്ചു. അണക്കെട്ടിലേക്കുള്ള നീരോഴുക്ക് കൂടിയിട്ടുണ്ട്. മുല്ലപ്പെരിയാറിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്. നാളെ രാവിലെ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചു. തുടക്കത്തിൽ സെക്കന്റിൽ 500 ഘനയടി വെള്ളം തുറന്നുവിടും. ഇത് പടിപടിയായി ആയിരം ഘനയടിയാക്കും.

കൊല്ലം പുനലൂരിനടുത്ത് ഇടപ്പാളയത്ത് മലവെള്ള പാച്ചിലിൽ നാശനഷ്ടമുണ്ടായി. നാലു വീടുകളിൽ വെള്ളം കയറി. ഒരു ജീപ്പും ഓട്ടോറിക്ഷയും കാറും ഒഴുക്കിൽ പെട്ടു. ആളപായമുണ്ടായിട്ടില്ല. ആളുകളെ മാറ്റി പാർപ്പിച്ചെന്ന് റവന്യു വകുപ്പ് അറിയിച്ചു. സന്ധ്യയോടെയായിരുന്നു മലവെള്ള പാച്ചിൽ ഉണ്ടായത്.

 

എരുമേലി  എയ്ഞ്ചൽവാലിയിൽ മൂന്ന് ഇടത്ത് ഉരുൾപൊട്ടലും വെള്ളപൊക്കവുണ്ടായി. എരുമേലി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ ഏയ്ഞ്ചൽവാലി ജംഗ്‌ഷൻ, പള്ളിപടി , വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. സമീപത്തെ സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. പ്രദേശത്തെ വീടുകളിലെ പാത്രങ്ങൾ ഒഴുകി പോയി. പലയിടങ്ങളിലും സംരക്ഷണ ഭിത്തി ഇടിഞ്ഞിട്ടുണ്ട്. കല്ലും മണ്ണും വീണ് ഗതാഗതവും സ്തംഭിച്ചു. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റിയതായും പ്രദേശത്ത് എത്തിയ ഒരു ഓട്ടോ ഒലിച്ച് പോയതായും വാർഡ് മെംബർ മാത്യു ജോസഫ് പറഞ്ഞു. ജില്ലയിലാകെ കനത്ത മഴ തുടരുകയാണ്

മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള (Mullapperiyar Dam) നീരൊഴുക്ക് കൂടിയിട്ടുണ്ട്. നാളെ രാവിലെ തന്നെ അണക്കെട്ട് തുറക്കുമെന്ന് ജലവിഭവ വകുപ്പ് (Water Resource Department) മന്ത്രി റോഷി അഗസ്റ്റിൻ (Minister Roshi Augustine) അറിയിച്ചു. തമിഴ്നാട് (Tamilnadu) രണ്ട് തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് (Water level) 138 അടിയായി നിലനിർത്തുന്നതിനുള്ള വെള്ളം മാത്രമേ പുറത്തേക്ക് ഒഴുക്കിവിടൂ. 3000 ഘനയടി വെള്ളം ഒഴുക്കുമെന്നാണ് കരുതുന്നത്. വേണ്ടി വന്നാൽ ഇടുക്കി അണക്കെട്ടിൽ നിന്നും 100 ക്യൂമെക്സ് വെള്ളം ഒഴുക്കിവിടും. എത്ര ഉയരത്തിൽ ഷട്ടർ തുറക്കുമെന്ന് ഇതുവരെ തമിഴ്‌നാട് അറിയിച്ചിട്ടില്ല. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളൂ.

മത്സ്യത്തൊഴിലാളികൾ അടുത്ത രണ്ട് ദിവസം കടലിൽ പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50  കിമീ വേഗതയിലും ചില അവസരങ്ങളിൽ 60  കിമീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക

  • കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.  
  • മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം എന്നിവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.
  • മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.
     
click me!