ശ്രദ്ധിക്കുക! സംസ്ഥാനത്ത് ഇന്ന് മഴ കനക്കും, 10 ജില്ലകളിൽ അലര്‍ട്ട്, അതിതീവ്ര ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറും, മോന്ത നാളെ കരതൊടും

Published : Oct 27, 2025, 06:31 AM IST
Cyclone Montha

Synopsis

സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് മുന്നറിയിപ്പ്; പത്ത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. ഈ ദിവസങ്ങളിൽ കാറ്റോടും ഇടിയോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നാളെയും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദം

മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത. ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായും തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഒക്ടോബർ 27-നു രാവിലെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി, ഒക്ടോബർ 28-നു രാവിലെയോടെ ഒരു തീവ്ര ചുഴലിക്കാറ്റായി വീണ്ടും ശക്തിപ്രാപിക്കും. ഒക്ടോബർ 28-നു വൈകുന്നേരത്തോടെ ആന്ധ്രാ പ്രദേശ് തീരത്ത് മച്ചിലിപട്ടണംത്തിനും കാലിംഗപട്ടണത്തിനും ഇടയിൽ, കാക്കിനടക്കു സമീപം തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.

മോന്ത ചുഴലിക്കാറ്റ് നാളെ തീരം തൊടും

അതേസമയം, അതിതീവ്ര ന്യൂനമർദ്ദം ശക്തി പ്രാപിച്ച് രൂപപ്പെട്ട 'മോന്ത' (Montha) ചുഴലിക്കാറ്റ് നാളെ തീരം തൊടും. തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച ശേഷം ആന്ധ്രാപ്രദേശ് തീരത്തായിരിക്കും മോന്ത കരയിൽ പ്രവേശിക്കുക. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഒഡീഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ഒഡീഷയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒഡീഷയിലെ എല്ലാ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി എൻ.ഡി.ആർ.എഫ്. (NDRF), എസ്.ഡി.ആർ.എഫ്. (SDRF) സംഘങ്ങളെ വിവിധ സംസ്ഥാനങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.കേരളത്തിലെ മഴയും, സമീപ സംസ്ഥാനങ്ങളെ ബാധിക്കുന്ന ചുഴലിക്കാറ്റും പരിഗണിച്ച് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒറ്റ ദിവസത്തിൽ നടപടിയെടുത്ത് കേന്ദ്രം, കൊല്ലത്ത് ദേശീയ പാത തകർന്നതിൽ കരാർ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്; കരിമ്പട്ടികയിലാക്കാനും നീക്കം
ക്ഷേത്രത്തിന് ഇഷ്ടദാനം കിട്ടിയ ഭൂമി കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോ​ഗസ്ഥൻ തട്ടിയെടുത്തതായി പരാതി