പെരുമഴ, ദുരിതം: 8 മരണം, 12 പേരെ കാണാനില്ല; മന്ത്രിമാർ കോട്ടയത്ത്, പലയിടത്തും ഉരുളപൊട്ടൽ; സേനകളും രംഗത്ത്

Published : Oct 16, 2021, 07:05 PM IST
പെരുമഴ, ദുരിതം: 8 മരണം, 12 പേരെ കാണാനില്ല; മന്ത്രിമാർ കോട്ടയത്ത്, പലയിടത്തും ഉരുളപൊട്ടൽ; സേനകളും രംഗത്ത്

Synopsis

മന്ത്രിമാരായ വിഎൻ വാസവനും കെ രാജനും കോട്ടയത്തുണ്ട്. ഇവിടെ ക്യാമ്പ് ചെയ്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഇരുവരും നേതൃത്വം നൽകും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ എട്ട് പേരുടെ മരണം സ്ഥിരീകരിച്ചു. കാഞ്ഞാറിൽ കാർ വെള്ളത്തിൽ വീണ് രണ്ടുപേരും കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ ആറ് പേരുമാണ് മരിച്ചത്. കൂട്ടിക്കലിൽ രണ്ടിടത്തായി നടന്ന ഉരുൾപൊട്ടലിൽ നാല് പേരെ കാണാതായിട്ടുണ്ട്. ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടി ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം ഏഴ് കാണാതായതായി എംപി ഡീൻ കുര്യാക്കോസ് അറിയിച്ചു. ഇവരിൽ നാല് പേർ കുട്ടികളാണ്. കൊക്കയാർ ഇടുക്കി ജില്ലയുടെ അതിർത്തി പ്രദേശമാണ്. കോട്ടയം ജില്ലയിലെ കൂട്ടിക്കലിനോട് ചേർന്ന് കിടക്കുന്ന സ്ഥലം കൂടിയാണിത്.

മന്ത്രിമാരായ വിഎൻ വാസവനും കെ രാജനും കോട്ടയത്തുണ്ട്. ഇവിടെ ക്യാമ്പ് ചെയ്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഇരുവരും നേതൃത്വം നൽകും. കരസേനാ സംഘം കാഞ്ഞിരപ്പള്ളിയിലെത്തി. മേജ അബിൻ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. കോട്ടയം ഏന്തയാർ ഇളംകാട് ടോപ്പിൽ മലവെള്ളപ്പാച്ചിലുണ്ട്. ഇവിടെ 12 പേർ ഒരു വീട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവിടെ ഒരാളെ കാണാതായിട്ടുണ്ട്.

എയർഫോഴ്സ് എത്താൻ  വൈകുന്നതിനാൽ ലിഫ്റ്റിംഗിനായി നാവികസേനയുടെ കൂടി സഹായം തേടിയതായി കോട്ടയം കളക്ടർ അറിയിച്ചു. മലയോര മേഖലകളിൽ ദുരന്ത നിവാരണം, രക്ഷാപ്രവർത്തനം, മെഡിക്കൽ അടിയന്തര സേവനം ഒഴികെ യാത്രാ വിലക്ക് ഏർപ്പെടുത്തി. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ തൃശൂർ താലൂക്കിലെ പുത്തൂർ, മാടക്കത്തറ പഞ്ചായത്തുകളിലുള്ളവരോട് മാറിത്താമസിക്കാൻ നിർദേശം നൽകി.

തൊടുപുഴ കാഞ്ഞാറിൽ കാർ വെള്ളത്തിൽ വീണ് മരിച്ചത് കൂത്താട്ടുകുളം സ്വദേശി നിഖിൽ ഉണ്ണികൃഷ്ണനും ഒപ്പമുണ്ടായിരുന്ന നിമ കെ വിജയനുമാണ്. തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. ഫയർഫോഴ്സ് തെരച്ചിൽ നടത്തുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളിയാണ് കാണാതായത്.

മരോട്ടിച്ചാല്‍ കള്ളായിക്കുന്നില്‍ 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരിക്കേറ്റു. തൊഴിലുറപ്പ് പണിയുടെ ഭാഗമായി കല്ല്  കെട്ടുകയായിരുന്ന തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാഞ്ഞിരപ്പള്ളി മുണ്ടക്കയം മേഖലകളിൽ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. മധ്യ കേരളത്തിൽ മഴയുടെ ശക്തി കുറയുന്നുണ്ട്. വടക്കൻ തെക്കൻ ജില്ലകളിൽ മഴ ശക്തമായി തുടരാൻ സാധ്യതയുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഇരട്ടയാർ അണക്കെട്ട് 8.30 ന്  തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതമാണ് ഉയർത്തുക. പാല മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്നുണ്ട്. അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. മലക്കപ്പാറ റൂട്ടിൽ നാളെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. 

മേലുകാവ്-ഈരാറ്റുപേട്ട-തൊടുപുഴ റൂട്ടിൽ കാഞ്ഞിരംകവല കല്ലുവെട്ടം ഭാഗത്ത് വീടിന്റെ മുകളിൽ മണ്ണിടിഞ്ഞു വീണ് ഭാഗികമായി തകരാറുണ്ടായി. ആളപായമില്ല. എല്ലാവരെയും മാറ്റിപ്പാർപ്പിച്ചു. ശക്തമായ മഴയെ തുടർന്ന്  പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവർത്തനവും മണ്ണെടുപ്പും നിരോധിച്ചു. ഇന്നും നാളെയുമാണ് നിരോധനം. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി നാളെ (ഞായർ) പത്തനംതിട്ട ജില്ലയിലെ വില്ലേജ് ഓഫീസുകളും പഞ്ചായത്ത് നഗരസഭ ഓഫീസുകളും തുറന്നു പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

മുണ്ടക്കയം - കുട്ടിക്കാനം റൂട്ടിൽ മുറിഞ്ഞപുഴക്കും പെരുവന്തനത്തിനും ഇടയിൽ നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുന്നുണ്ട്. പല ഭാഗത്തായി മണ്ണിടിഞ്ഞതാണ് കാരണം. ആളുകളെ കെഎസ്ആർടിസി ബസിൽ കുട്ടിക്കാനത്തേക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങി. കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂർ പാലത്തിൻമേൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കോഴഞ്ചേരി-നെല്ലിപ്പൊയിൽ - ആനക്കാംപൊയിൽ റോഡിലാണ് പാലം.

കോട്ടയം ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 86 കുടുംബങ്ങളിലായി 222 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്.  ഏന്തയാർ ജെ.ജെ മർഫി സ്കൂൾ, മുണ്ടക്കയം സി.എം.എസ്, വരിക്കാനി എസ്.എൻ സ്കൂൾ, കൊരട്ടി സെന്റ് ജോസഫ് പള്ളി ഹാൾ, ചെറുവള്ളി ഗവൺമെന്റ് എൽ.പി സ്കൂൾ, ആനക്കല്ല് ഗവൺമെന്റ് ഹൈസ്കൂൾ, കാഞ്ഞിരപ്പള്ളി നൂറുൽ ഹുദ സ്കൂൾ, കൂവക്കാവ് ഗവൺമെന്റ് എച്ച്.എസ്., കെ.എം.ജെ സ്കൂൾ മുണ്ടക്കയം, വട്ടക്കാവ് എൽ.പി സ്കൂൾ, പുളിക്കൽ കോളനി അങ്കണവാടി, ചെറുമല അങ്കണവാടി, കോരുത്തോട് സി.കെ എം. എച്ച്.എസ് എന്നിവയാണ് ക്യാമ്പുകൾ.

എയർ ലിഫ്റ്റിംഗിന് സജ്ജമെന്ന് നാവിക സേന അറിയിച്ചു. കൊച്ചിയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി. കാലാവസ്ഥ അനുകൂലമാണെങ്കിൽ രാത്രി തന്നെ രക്ഷപ്രവർത്തനം തുടങ്ങും. ഡൈവേഴ്‌സ് അടക്കമുള്ള രക്ഷ പ്രവർത്തകർ ഉടൻ റോഡ് മാർഗം കോട്ടയത്തേക്ക് തിരിക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി ഇടുക്കിയിൽ പത്ത്  വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം