പാലക്കാട് മഴ ശക്തിപ്പെട്ടു; ഒരു വീട് തകര്‍ന്നു, 6 ഡാമുകള്‍ തുറന്നു, മറ്റ് വടക്കന്‍ ജില്ലകളില്‍ മഴ കുറഞ്ഞു

By Web TeamFirst Published Oct 17, 2021, 5:25 PM IST
Highlights

വടക്കന്‍ കേരളത്തിലെ മറ്റ് ജില്ലകളില്‍  കാര്യമായ മഴയില്ല. മറ്റ് ജില്ലകളിലെ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യം നിലിവിലില്ല. 

പാലക്കാട്: വടക്കന്‍ കേരളത്തില്‍ പാലക്കാട് (palakkad) ജില്ലയില്‍ മഴ (heavy rain) വീണ്ടും ശക്തിപ്പെട്ടു. അട്ടപ്പാടി, നെല്ലിയാംമ്പതി മേഖലകളിലാണ് മഴ ശക്തിപ്പെട്ടത്. ഷോളയൂരില്‍ ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. ഒരു വീടിന് ഭാഗികമായി കേടുപറ്റി. തെക്കേ കടമ്പാറ സ്വദേശി പഴനി സ്വാമി, ചുണ്ടക്കുളം സ്വദേശി ചെല്ലി രംഗസ്വാമി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. പാലക്കാട്ടെ എട്ട് ഡാമുകളില്‍ ആറെണ്ണത്തിന്‍റേയും ഷട്ടറുകള്‍ തുറന്നു. നീരൊഴുക്ക് കൂടിയതിനാല്‍ മലമ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ 25 സെന്‍റീമിറ്റര്‍ ആക്കി ഉയര്‍ത്തി. ഭാരതപ്പുഴയിലേക്ക് കൂടുതല്‍ വെള്ളം ഒഴുകുന്നുണ്ട്. 

വടക്കന്‍ കേരളത്തിലെ മറ്റ് ജില്ലകളില്‍  കാര്യമായ മഴയില്ല. മറ്റ് ജില്ലകളിലെ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യം നിലിവിലില്ല. പുഴകളിലും മറ്റ് ജലാശയങ്ങളിലും ജലനിരപ്പും കുറവാണ്. കാസര്‍ഗോഡ് ഒറ്റപ്പെട്ട മഴയുണ്ട്. കോഴിക്കോടും മലപ്പുറത്തും വയനാട്ടിലും കാര്യമായ മഴ ഇല്ല. കണ്ണൂരിലും മഴ വിട്ട് നില്‍ക്കുകയാണ്. മലപ്പുറത്ത് മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് 11 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പെരിന്തല്‍മണ്ണയിലെ ക്യാമ്പിലേക്കാണ് മാറ്റിയത്. അടിയന്തര സാഹചര്യം നേരിടാന്‍ സൈന്യം, ദുരന്ത നിവാരണ പ്രതികരണ സേന എന്നിവയുടെ സംഘങ്ങള്‍ വടക്കന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ എത്തിയിട്ടുണ്ട്.

click me!