പെട്രോൾ പമ്പുകൾ അടച്ചിടുമെന്നത് വ്യാജവാര്‍ത്ത

By Web TeamFirst Published Aug 9, 2019, 4:28 PM IST
Highlights

ഏതെങ്കിലും മേഖലയില്‍ ഇന്ധന ക്ഷാമം ഉണ്ടാകാതിരിക്കാൻ നടപടി എടുക്കണമെന്ന് സംസ്ഥാനത്ത് വിതരണം ചെയ്യുന്ന എണ്ണ കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടതായി സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്  അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴദുരിതങ്ങള്‍ വ്യാപിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജപ്രചരണങ്ങളും കൂടുന്നു. കനത്ത മഴയെ തുടർന്ന് പെട്രോൾ പമ്പുകൾ അടച്ചിടുമെന്നാണ്  സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം നടക്കുന്നത്. എന്നാല്‍ ഈ  പ്രചരണം വ്യാജമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. ഏതെങ്കിലും മേഖലയില്‍ ഇന്ധന ക്ഷാമം ഉണ്ടാകാതിരിക്കാൻ നടപടി എടുക്കണമെന്ന് സംസ്ഥാനത്ത് വിതരണം ചെയ്യുന്ന എണ്ണ കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടതായി സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്  അറിയിച്ചു. 

ഇത്തരത്തില്‍ വൈദ്യുതി വകുപ്പിന്‍റെതെന്ന പേരില്‍ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. പ്രധാനമായും അണക്കെട്ട് തുറന്നുവിട്ടു എന്ന പേരിലാണ് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇത് തെറ്റാണെന്ന് നേരത്തെ തന്നെ കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

അതേ സമയം കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.  കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലത്തും തിരുവനന്തപുരത്തും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ എല്ലാം നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

രാവിലെ ഒന്‍പത് മണിക്ക് സംസ്ഥാനത്തെ കാലാവസ്ഥ വിലയിരുത്തിയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ കടുത്ത കാലവര്‍ഷക്കെടുതി നേരിടുന്ന വയനാട്, മലപ്പുറം എന്നീ ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനവും ആശങ്ക ഇരട്ടിപ്പിക്കുന്നു.

click me!