മഴക്കെടുതി: മരണം 85 ആയി; കവളപ്പാറയിൽ ആറ് മൃതദേഹം കൂടി കണ്ടെത്തി, ഇനി കണ്ടെത്താനുള്ളത് 40 പേരെ

By Web TeamFirst Published Aug 12, 2019, 11:53 PM IST
Highlights

ഉരുൾപൊട്ടൽ വൻദുരന്തം വിതച്ച കവളപ്പാറയിൽ ആറ് മൃതദേഹങ്ങളാണ് തിങ്കളാഴ്ച കണ്ടെത്തിയത്. ഇതോടെ ഇവിടെ നിന്ന് 19 പേരുടെ മരണം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 85 ആയി. ഉരുൾപൊട്ടൽ വൻദുരന്തം വിതച്ച കവളപ്പാറയിൽ ആറ് മൃതദേഹങ്ങളാണ് തിങ്കളാഴ്ച കണ്ടെത്തിയത്. ഇതോടെ ഇവിടെ നിന്ന് 19 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതിനിടെ, ആശ്വാസമായി കാണാതായ നാല് പേർ ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും ഉള്ളതായി മന്ത്രി കെ ടി ജലീൽ സ്ഥിരീകരിച്ചു. 63 പേരായിരുന്നു കാണാതായവരുടെ പട്ടികയിൽ ആദ്യമുണ്ടായിരുന്നത്. ഇനി 40 പേരെയാണ് കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുള്ളത്. അതേസമയം, പുത്തുമലയിലും തെരച്ചിൽ തുടരുകയാണ്.

അതിനിടെ സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയോര മേഖലകളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 1551 ക്യാമ്പുകളിലായി 2.27 ലക്ഷം പേരുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കനത്ത മഴയും ഉരുൾപൊട്ടലും നാശം വിതച്ച വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത മേഖലകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സന്ദര്‍ശനം നടത്തും. റോഡുമാര്‍ഗ്ഗം ചെന്നെത്താവുന്ന ഇടങ്ങളിൽ അങ്ങനെയും അതല്ലാത്തിടങ്ങളിൽ ഹെലികോപ്റ്ററിലുമാണ് മുഖ്യമന്ത്രി എത്തുക.

വയനാട്ടിലെ പുത്തുമലയിലും മലപ്പുറം ജില്ലയിലെ കവളപ്പാറയിലും അടക്കം ഉരുൾപൊട്ടലിൽ സമാനതകളില്ലാത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്ത് അടക്കം എത്തി വിലയിരുത്തുകയും ഏകോപിപ്പിക്കുകയും ചെയ്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായാണ് പ്രദേശങ്ങളിൽ സന്ദര്‍ശനത്തിന് എത്തുന്നത്. 

44 വീടുകളാണ് ഒറ്റയടിക്ക് കവളപ്പാറയിൽ നിന്ന് തുടച്ചുമാറ്റപ്പെട്ടത്. ബന്ധുക്കൾ ചൂണ്ടിക്കാണിക്കുന്ന മൺകൂനയിൽ തിട്ടകൾ ഹിതാച്ചി കൊണ്ട് നീക്കി, സൂക്ഷിച്ച് മണ്ണ് മാറ്റി, കോൺക്രീറ്റ് സ്ലാബുകൾ പൊളിച്ചെടുത്താണ് രക്ഷാപ്രവർത്തനം മുന്നോട്ടുപോകുന്നത്. മഴ മാറി നിന്നതിനാൽ കൂടുതൽ സജീവമായ തെരച്ചിലാണ് ഇന്ന് നടന്നത്. ഫയർഫോഴ്‍സ്, അഗ്നിശമനസേന, സന്നദ്ധസംഘടനകൾ എന്നിവ ആറ് യൂണിറ്റുകളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

Read More: "മൃതദേഹങ്ങളും ഒപ്പം കവറിലാക്കി തലകളും"; കവളപ്പാറയിൽ നിന്നും അശ്വതി ഡോക്ടര്‍ പറയുന്ന അനുഭവ കഥ

മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ദുരന്തസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

Read More: ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; സര്‍വകലാശാല പരീക്ഷകളും മാറ്റി

click me!