
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായതോടെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ സംസ്ഥാനത്തെ വിവിധ നദികളിൽ ഓറഞ്ച്/ മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട പമ്പ (മടമൺ സ്റ്റേഷൻ), കോട്ടയം മണിമല (പുല്ലക്കയാർ സ്റ്റേഷൻ), എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട പമ്പയിൽ (മലക്കര സ്റ്റേഷൻ), മഞ്ഞ അലർട്ടാണ്. യാതൊരു കാരണവശാലും മേൽ പറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും ഈ നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
റെഡ് അലർട്ട്
കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടാണ്.
പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലയിൽ രാത്രി അതിതീവ്ര മഴയാണ് ലഭിച്ചത്. കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലിൽ നാലു പേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞ് ഇരുപത്തിനാലുകാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമലയിലെ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി ആണ് മരിച്ചത്. ഇടുക്കി കോലാഹലമേട്ടിൽ വീടിനു മുകളിൽ മണ്ണ് വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു. മലപ്പുറം കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് നാല് വയസ്സുകാരൻ ആദം അയ്മൻ മരിച്ചു. വയനാട്ടിൽ പടിഞ്ഞാറെത്തറയിൽ കുളത്തിൽ നിന്ന് വെള്ളം പമ്പു ചെയ്യാൻ ശ്രമിക്കവേ മാഞ്ഞൂർ സ്വദേശി ബെന്നി ഷോക്കേറ്റ് മരിച്ചു. കൊല്ലം നീണ്ടകരയിൽ ഇന്നലെ വള്ളം മറിഞ്ഞു കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം കിട്ടി. ഇന്ന് കാണാതായ മറ്റൊരാൾക്കായി തെരച്ചിൽ തുടരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam