കൊവിഡ് വാക്‌സിനേഷന്‍: ആദ്യ ഡോസ് രണ്ടര കോടിയും കടന്ന് മുന്നോട്ട്

By Web TeamFirst Published Oct 12, 2021, 7:07 PM IST
Highlights

വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 93.64 ശതമാനം പേര്‍ക്ക് (2,50,11,209) ആദ്യ ഡോസും 44.50 ശതമാനം പേര്‍ക്ക് (1,18,84,300) രണ്ടാം ഡോസും നല്‍കി.

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടര കോടിയലധികം പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ (covid vaccine) നല്‍കിയതായി ആരോഗ്യ വകുപ്പ് വീണാ ജോര്‍ജ് (veena george). വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 93.64 ശതമാനം പേര്‍ക്ക് (2,50,11,209) ആദ്യ ഡോസും 44.50 ശതമാനം പേര്‍ക്ക് (1,18,84,300) രണ്ടാം ഡോസും നല്‍കി. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,68,95,509 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്.

കൊവിഡ് ബാധിച്ചവരായ 10 ലക്ഷത്തോളം പേര്‍ക്ക് മൂന്ന് മാസം കഴിഞ്ഞ് വാക്‌സിന്‍ എടുത്താല്‍ മതി. അതിനാല്‍ ഇനി ഏഴ് ലക്ഷത്തോളം പേര്‍ മാത്രമാണ് ഒന്നാം ഡോസ് വാക്‌സിനെടുക്കാനുള്ളത്. ഇനിയും ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ ഉടന്‍ തന്നെ തൊട്ടടുത്ത വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരും കാലതാമസം വരുത്തരുത്. കൊവിഷീല്‍ഡ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞും കൊവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. എന്നാല്‍ ചിലയാളുകള്‍ 84 ദിവസം കഴിഞ്ഞും വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തുന്നില്ല. രണ്ട് ഡോസ് വാക്‌സിനും കൃത്യമായ ഇടവേളകളില്‍ സ്വീകരിച്ചാല്‍ മാത്രമേ പൂര്‍ണമായ ഫലം ലഭിക്കൂ. രണ്ടാം ഡോസ് വാക്‌സിന്‍ കൃത്യസമയത്ത് തന്നെ സ്വീകരിക്കേണ്ടതാണ്.

ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്‌സിന്‍ എടുത്തു. ആരോഗ്യ പ്രവര്‍ത്തകരില്‍ 88 ശതമാനം പേരും കൊവിഡ് മുന്നണി പോരാളികളില്‍ 90 ശതമാനം പേരും രണ്ടാം ഡോസ് എടുത്തിട്ടുണ്ട്. സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ വാക്‌സിനെടുത്തത്. സ്ത്രീകള്‍ 1,91,10,142 ഡോസ് വാക്‌സിനും പുരുഷന്‍മാര്‍ 1,77,76,443 ഡോസ് വാക്‌സിനുമാണെടുത്തത്. ഇന്ന് 1642 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. അതില്‍ 1355 സര്‍ക്കാര്‍ കേന്ദ്രങ്ങളും 287 സ്വകാര്യ കേന്ദ്രങ്ങളുമാണുണ്ടായിരുന്നതെന്ന് മന്ത്രി അറിയിച്ചു.

click me!