സൈനിക സഹായം ലഭിക്കും; കാലവര്‍ഷക്കെടുതി നേരിടാന്‍ നേരത്തെ ഒരുങ്ങിയെന്ന് റവന്യൂ മന്ത്രി

By Web TeamFirst Published Aug 9, 2019, 7:59 AM IST
Highlights

ഭോപ്പാല്‍, നീലഗിരി എന്നിവിടങ്ങളില്‍നിന്ന് സൈനികര്‍ എത്തുന്നുണ്ട്. ഭോപ്പാലില്‍നിന്ന 60 പേര്‍ വീതമുള്ള നാല് ബാച്ചുകള്‍ എത്തും. നീലഗിരിയില്‍നിന്ന് രണ്ട് ബാച്ചുകള്‍ പാലക്കാടും എത്തും.

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കേരളം സര്‍വ സജ്ജമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. മേയ് മാസത്തില്‍ തന്നെ കാലവര്‍ഷക്കെടുതി മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2018ലെ പ്രളയത്തിന്‍റെ അനുഭവത്തിലാണ് മുന്നൊരുക്കം നടത്തിയത്. കേരളം ആവശ്യപ്പെട്ട ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ബാച്ചുകള്‍ ഉടന്‍ സംസ്ഥാനത്തെത്തുമെന്നും മന്ത്രി പറഞ്ഞു.

ഭോപ്പാല്‍, നീലഗിരി എന്നിവിടങ്ങളില്‍നിന്ന് സൈനികര്‍ എത്തുന്നുണ്ട്. ഭോപ്പാലില്‍നിന്ന 60 പേര്‍ വീതമുള്ള നാല് ബാച്ചുകള്‍ എത്തും. നീലഗിരിയില്‍നിന്ന് രണ്ട് ബാച്ചുകള്‍ പാലക്കാടും എത്തും. രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു.

സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനും വിലയിരുത്തുന്നതിനും വിവിധ വകുപ്പ് മേധാവികളും സേനാമേധാവികളും തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൂടുതല്‍ ശക്തിപ്പെടുന്ന മഴയാണ് ആളുകളെ ആശങ്കപ്പെടുത്തുന്നത്.

click me!