
തിരുവനന്തപുരം: ശബരിമലയിൽ കേരളീയ ഭക്ഷണം നൽകുന്നത് ഈ മാസം 21മുതൽ ആരംഭിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. രണ്ട് ദിവസം ഇടവിട്ടായിരിക്കും സദ്യ നൽകുന്നതെന്നും നിയമപ്രശ്നങ്ങൾ പരിഹരിക്കുമെന്നും കെ ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയ്ക്കായി നാളെ പ്രത്യേക യോഗം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
നാളെ നടക്കുന്ന യോഗത്തിൽ ഉടൻ നടപ്പാക്കേണ്ടവയുടെ മുൻഗണന നിശ്ചയിക്കും. മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിനാവശ്യമായ പണമില്ലെന്നും അതിനാൽ സ്പോൺസർഷിപ്പ് സ്വീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇടനിലക്കാരില്ലാതെ സ്പോൺസർമാരെ കണ്ടത്തുമെന്നും ജയകുമാർ വ്യക്തമാക്കി. നാളെ തിരുവനന്തപുരത്ത് ബോർഡ് ആസ്ഥാനത്താണ് മാസ്റ്റർ പ്ലാൻ യോഗം നടക്കുന്നത്.
ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കേരള സദ്യ വിളമ്പുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ അറിയിച്ചിരുന്നു. പുലാവും സദ്യയുമാണ് നൽകുന്നത്. ഒരു ദിവസം പുലാവ് നൽകിയാൽ അടുത്ത ദിവസം സദ്യയായിരിക്കും വിളമ്പുന്നത്. ഡിസംബർ രണ്ട് മുതൽ കേരള സദ്യ നൽകാനായിരുന്നു തീരുമാനം. എന്നാൽ സജ്ജീകരണങ്ങൾ പൂർത്തിയാകാത്തതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ അടങ്ങുന്ന സദ്യയായിരിക്കും ഉണ്ടാകുക. ഉച്ചയ്ക്ക് 12 മുതൽ ആരംഭിക്കുന്ന സദ്യ മൂന്ന് മണി വരെയും ഉണ്ടാകുമെന്നും സ്റ്റീൽ പ്ലേറ്റും സ്റ്റീൽ ഗ്ലാസുമാണ് ഉപയോഗിക്കുന്നതെന്നുമാണ് വിവരങ്ങൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam