ഉറക്കമില്ലാത്ത ഏഴ് ദിനങ്ങൾ, ഊട്ടുപുരയിൽ അമ്പതുപേരടങ്ങുന്ന പാചകസംഘം, ഇലയിട്ട് വിളമ്പാൻ അധ്യാപകർ

By Web TeamFirst Published Jan 2, 2023, 10:48 PM IST
Highlights

പത്ത് സ്ത്രീകളടക്കം അമ്പതുപേരടങ്ങുന്ന പാചകസംഘമാണ് കയ്യും മെയ്യും മറന്ന് പാചകപ്പുരയിൽ ഓ‌ടി നടക്കുന്നത്. പകുതിപ്പേർ രണ്ട് മൂന്ന് ദിവസം മുമ്പും,ബാക്കി സംഘം ഇന്ന് വെളുപ്പിനുമാണ് കോഴിക്കോട് വണ്ടിയിറങ്ങിയത്. എന്നാൽ, എത്തി വിശ്രമിക്കാൻ പോലും നേരമില്ലാതെ ഏവരും പണികളിൽ മുഴുകി. 

വിരുന്നുകാരെ മനസും വയറും നിറച്ച് ഊട്ടുന്ന കാര്യത്തിൽ ഒരിക്കലും ഉപേക്ഷ വിചാരിക്കാത്ത നാടാണ് കോഴിക്കോട്. എട്ട് വർഷങ്ങൾക്കിപ്പുറം വീണ്ടും കോഴിക്കോടിന്റെ മണ്ണിൽ സംസ്ഥാന സ്കൂൾ കലോത്സവം എത്തുമ്പോൾ ആദ്യം ഒരുങ്ങുന്ന ഒന്നുകൂടിയാണ് ഊട്ടുപുര. പഴയിടം മോഹനൻ നമ്പൂതിരി തന്നെയാണ് ഇത്തവണയും പാചകത്തിന് നേതൃത്വം. 

അമ്പതുപേരടങ്ങുന്ന പാചകസംഘം

നാളെ വേദികളോരോന്നായി ഉണരും. മത്സരത്തിന്റെ ചൂടിലും വിശപ്പിലും തളർന്നു പോകുന്ന കുഞ്ഞുങ്ങളെ ഭക്ഷണം കൊടുത്ത് ഊർജ്ജസ്വലരാക്കാൻ ഒരു വലിയ സംഘം തന്നെ റെഡിയാണ്. അമ്പതുപേരടങ്ങുന്നതാണ് പാചകസംഘം. അതിൽ തന്നെ വർഷങ്ങളായി പഴയിടം മോഹനൻ നമ്പൂതിരിക്കൊപ്പം ഉള്ളവരുണ്ട്. 

വൈകുന്നേരം മൂന്നൂമണിക്ക് പായസം വച്ച് ഉദ്ഘാടനവും വിതരണവും. അതിന് ഏറെ മുമ്പ് തന്നെ കലവറ ഉണർന്നിരുന്നു. പത്ത് സ്ത്രീകളടക്കം അമ്പതുപേരടങ്ങുന്ന പാചകസംഘമാണ് കയ്യും മെയ്യും മറന്ന് പാചകപ്പുരയിൽ ഓ‌ടി നടക്കുന്നത്. പകുതിപ്പേർ രണ്ട് മൂന്ന് ദിവസം മുമ്പും,ബാക്കി സംഘം ഇന്ന് വെളുപ്പിനുമാണ് കോഴിക്കോട് വണ്ടിയിറങ്ങിയത്. എന്നാൽ, എത്തി വിശ്രമിക്കാൻ പോലും നേരമില്ലാതെ ഏവരും പണികളിൽ മുഴുകി. 

ഇന്ന് വൈകുന്നേരം മുതൽ തന്നെ കുട്ടികൾക്കുള്ള ഭക്ഷണം കൊടുത്ത് തുടങ്ങി. സാമ്പാർ, തീയ്യൽ, തോരൻ, അച്ചാർ ഇത്രയുമാണ് ആദ്യ ദിവസം ഭക്ഷണത്തിനൊരുങ്ങുന്ന കറികളെന്ന് വർഷങ്ങളായി ഈ സംഘത്തിനൊപ്പമുള്ള എറണാകുളംകാരൻ വേണു പറയുന്നു. സാമ്പാർ, അവിയൽ, ഓലൻ, പച്ചടി, കിച്ചടി, തോരൻ, അച്ചാർ എന്നിവയാണ് കലോത്സവത്തിന്റെ ഒന്നാം ദിവസം വിളമ്പുക. 

പത്ത് പതിനാറ് വർഷമായി പഴയിടത്തിന്റെ കൂടെ പാചകത്തിനുള്ള വേണു കഴിഞ്ഞ കലോത്സവത്തിനും കോഴിക്കോടെത്തിയിരുന്നു. അന്നും ഇന്നും തമ്മിലുള്ള മാറ്റമെന്തെന്ന് ചോദിച്ചാൽ പറയാനുള്ളത് ടെക്നോളജിയുടെ വളർച്ചയാണ്. അതുപോലെ 'വിഭവങ്ങൾ വലിയ മാറ്റമൊന്നുമില്ല, രുചിക്കൂട്ടിൽ മാറ്റമുണ്ടാകാം, കാലത്തിനൊത്ത് നമ്മളും വളരുന്നു' എന്നാണ് വേണുവിന്റെ പക്ഷം. ഇനിയൊട്ടും വിശ്രമമില്ലാത്ത ഏഴ് ദിവസങ്ങളാണ്. ഊണും ഉറക്കവും വിശ്രമവും എല്ലാം ഈ പാചകപ്പുരയിലും പന്തലിന്റെ ഓരത്തും തന്നെ ആയിരിക്കും എന്നും വേണു പറയുന്നു. 

ത‌ങ്കമ്മ, വാസന്തി, സ്വപ്ന, സിന്ധു, ഓമന, മരീന, ഇന്ദിര, ശ്യാമള, ശാന്ത, തങ്കമ്മ എന്നിങ്ങനെ പത്ത് പെണ്ണുങ്ങളും സംഘത്തിനൊപ്പമുണ്ട്. ഇന്ന് രാവിലെയുള്ള ട്രെയിനിനാണ് കോഴിക്കോടെത്തിയതെന്ന് ഇവർ പറയുന്നു. കലോത്സവത്തിന്റെ ആരവങ്ങൾ എത്ര തിരക്കാണെങ്കിലും ബുദ്ധിമുട്ടാണെങ്കിലും തങ്ങൾക്ക് ഇഷ്ടമാണ് എന്നും അവർ സമ്മതിക്കുന്നുണ്ട്. 

വിളമ്പാൻ ഒറ്റ ഷിഫ്റ്റിൽ എണ്ണൂറ് അധ്യാപകർ റെഡി

വിളമ്പലടക്കമുള്ള കാര്യങ്ങൾക്ക് ഒരു ദിവസം ഒരു ഷിഫ്റ്റിൽ എണ്ണൂറ് അധ്യാപകരെയാണ് ഒരുക്കി നിർത്തുന്നത് എന്ന് ഭക്ഷണം കൺവീനർ വി.പി രാജീവൻ പറയുന്നു. അതിൽ നാന്നൂറ് പേർ ഭക്ഷണം വിളമ്പാനുണ്ടാവും. പത്ത് കൗണ്ടറുകളാണ് ഭക്ഷണവിതരണത്തിനുള്ളത്. പേപ്പർ, വിരിച്ച് ഇലയിടുന്നത് മുതൽ ഇലയെടുക്കുന്നത് വരെ മുഴുവനും ഇവരുടെ ചുമതലയാണ്. ഒറ്റസമയം തന്നെ 1650 ആളുകൾക്ക് ഇരിക്കാൻ കഴിയുമെന്നും ക്യൂ നിൽക്കേണ്ടി വരില്ല എന്നുമാണ് പ്രതീക്ഷിക്കുന്നത് എന്നും രാജീവൻ പറയുന്നു. 

അതുപോലെ ചില മത്സരയിനങ്ങൾ രാത്രിയേറെ വൈകിയും തുടരുകയാണ് എങ്കിൽ കുട്ടികൾക്ക് വിശന്നിരിക്കേണ്ടി വരില്ല എന്നും ചെറിയ ചെറിയ ഭക്ഷണം എപ്പോഴും റെഡിയാണ് എന്നും രാജീവൻ പറഞ്ഞു. 

ഊണ് മാത്രമല്ല, ക്ലീനിങ്ങിനും സംഘം റെഡിയാണ്

വൃത്തി എവിടെയും പ്രധാനമാണ്. അതിലൊട്ടും വിട്ടുവീഴ്ച വരുത്താതിരിക്കാൻ കോഴിക്കോട് മുനിസിപ്പൽ കോർപറേഷന്റെ ഹരിത കർമ്മസേന ഇപ്പോൾ തന്നെ റെഡിയാണ്.

വിലെ മുതൽ ഉച്ചവരെ ഒരു സംഘത്തിനും ഉച്ച മുതൽ വേറൊരു സംഘത്തിനുമാണ് ഡ്യൂട്ടി. ഞങ്ങളെല്ലാം തയ്യാറാണ് എന്നാണ് സംഘം പറയുന്നത്. അതിൽ പലർക്കും പഴയ കാല വേദികളുടെയും കലകളുടെയും പരിചയവും നൊസ്റ്റാൾജിയയുമുണ്ട്. അതിനാൽ തന്നെ അതിനൊത്ത ആവേശവുമുണ്ട്. 

ഏതായാലും കലോത്സവത്തിന് ഒരുങ്ങിയിരിക്കയാണ് ഊട്ടുപുരയും പരിസരവും. കല കൊണ്ട് മാത്രമല്ല, ഭക്ഷണം കൊണ്ടും മനസ് നിറക്കാൻ.

click me!