രണ്ടാമത്തെ കൊറോണബാധ ആലപ്പുഴയിൽ, വുഹാനിലെ വിദ്യാർത്ഥി, പ്രാഥമിക നിഗമനം മാത്രമെന്ന് ആരോഗ്യമന്ത്രി

Web Desk   | Asianet News
Published : Feb 02, 2020, 10:59 AM ISTUpdated : Feb 02, 2020, 11:57 AM IST
രണ്ടാമത്തെ കൊറോണബാധ ആലപ്പുഴയിൽ, വുഹാനിലെ വിദ്യാർത്ഥി, പ്രാഥമിക നിഗമനം മാത്രമെന്ന് ആരോഗ്യമന്ത്രി

Synopsis

വുഹാനിൽ പഠിക്കാൻ പോയവരിൽ കേരളത്തിൽ നിന്നുള്ളവരാണ് അധികവും. അവരിൽ പലരും കേരളത്തിലേക്ക് തിരിച്ചെത്തി. ഇവരെ കണ്ടെത്തി നിരീക്ഷണത്തിൽ വയ്ക്കുകയാണ് ചെയ്യുന്നത്

തിരുവനന്തപുരം: കേരളത്തിലെ രണ്ടാമത്തെ കൊറോണബാധയും വുഹാൻ സർവകലാശാലയിൽ നിന്നെത്തിയ വിദ്യാർത്ഥിയാണെന്ന് ആരോഗ്യമന്ത്രി. എന്നാൽ ഇവർക്ക് രോഗബാധ സംബന്ധിച്ച് സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ല. പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിൽ പ്രാഥമിക നിഗമനം മാത്രമാണ് ഉണ്ടായതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

"ഇന്ന് ഒരു കേസ് കൂടി പോസിറ്റീവ് ആണെന്നത് പ്രാഥമിക പരിശോധനയിലെ നിഗമനമാണ്. പുണെയിൽ നിന്ന് പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഫോൺ വഴി ബന്ധപ്പെട്ടപ്പോൾ കിട്ടിയ വിവരം മാത്രമാണ് ഉള്ളത്. സംശയിക്കുന്നത്, ആലപ്പുഴ മെഡിക്കൽ കോളേജിലുള്ള കുട്ടിക്കാണ് കോറോണവൈറസ് ബാധയുള്ളത് എന്നാണ്. ഇത് നിഗമനം മാത്രമാണ്. റിപ്പോർട്ട് വരാതെ സ്ഥിരീകരിക്കാൻ സാധിക്കില്ല. വുഹാൻ സർവകലാശാലയിൽ നിന്ന് വന്നതാണ് ഈ കുട്ടിയു"മെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

രോഗമുള്ളവരോ രോഗ സാധ്യതയുള്ളവരോ ആരോഗ്യ വകുപ്പിന്‍റെ മുൻകരുതൽ നടപടിയുമായി പൂര്‍ണ്ണമായി സഹകരിക്കണം. ആരും അതിൽ വീഴ്ച വരുത്തരുത്. രോഗവ്യാപനം തടയാനും ആപത്തിലേക്ക് പോകാതിരിക്കാനുമാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നൽകുന്നത്. അത് എല്ലാവരും മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.

"

കൊറോണ ബാധ തടയാൻ തുടക്കം മുതലേ ശ്രദ്ധയോടെ പരിശ്രമിക്കുന്നുണ്ട്. വുഹാനിൽ പഠിക്കാൻ പോയവരിൽ കേരളത്തിൽ നിന്നുള്ളവരാണ് അധികവും. അവരിൽ പലരും കേരളത്തിലേക്ക് തിരിച്ചെത്തി. ഇവരെ കണ്ടെത്തി നിരീക്ഷണത്തിൽ വയ്ക്കുകയാണ് ചെയ്യുന്നത്. ചൈനയിൽ നിന്ന് തിരിച്ച് വന്നവർ സർക്കാരിന്റെ നിർദ്ദേശം നിർബന്ധമായും കേൾക്കണം.

ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ 14 ദിവസമാണ് ഇൻകുബേഷൻ സമയം. സംസ്ഥാനത്ത് 28 ദിവസം നിരീക്ഷണം തുടരും. സുരക്ഷയ്ക്ക് വേണ്ടിയാണ് നിരീക്ഷണം നീട്ടിയത്. രോഗബാധ വന്നാൽ ഉടൻ മരിച്ചുപോകില്ല. വിശ്രമവും ഐസലേഷനുമാണ് പ്രധാന ചികിത്സ. സർക്കാരുമായി എല്ലാവരും സഹകരിക്കണം. രോഗബാധ സംശയിക്കുന്ന കുട്ടിയും നിരീക്ഷണത്തിലാണുള്ളത്. ആരും അസ്വസ്ഥരാകേണ്ടതില്ല.

വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കാതെ പുറത്തുപോകരുത്. വിവാഹങ്ങൾ നിർബന്ധമായും മാറ്റിവയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

മറ്റ് രാഷ്ട്രങ്ങളിൽ നിന്ന് വരുന്നവരെ മുഴുവൻ കണ്ടെത്തുക ശ്രമകരമായ ജോലിയാണെന്നും ഊർജ്ജിതമായി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശോധനാ ഫലം കിട്ടാൻ വൈകുന്നു. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിക്കാൻ സജ്ജമാണ്. ഇതിന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്ന് പരിശോധിക്കാനുള്ള അനുമതി വേണം. സ്വമേധയാ പരിശോധിക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം രോഗബാധയേറ്റവർ സുഖപ്പെടുമെന്നും അവരെ ദില്ലിയിലേക്കോ മറ്റിടങ്ങളിലേക്കോ മാറ്റുന്ന പ്രശ്നമേ ഇല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

ആലപ്പുഴയിൽ ചികിത്സയിലുള്ള വിദ്യാർത്ഥി കഴിഞ്ഞ മാസം 24 നാണ് നാട്ടിലെത്തിയതെന്ന് മന്ത്രി പറഞ്ഞു. 59 പേരിൽ 24 പേരുടെ പരിശോധനാ ഫലം ലഭിച്ചുവെന്നും അതിൽ ഒരാളുടെ മാത്രമാണ് സ്ഥിരീകരിക്കാനായത്. ആലപ്പുഴയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. നിപ്പയ്ക്ക് മരുന്നുണ്ടായിരുന്നില്ല, ഡങ്കിപ്പനിക്ക് മരുന്നില്ല. കൊറോണ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വേഗത്തിൽ പടരുമെന്നതാണ് വെല്ലുവിളിയെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 1797 പേർ നിരീക്ഷണത്തിൽ കഴിയുന്നതിൽ ബഹുഭൂരിപക്ഷവും സ്വമേധയാ ആരോഗ്യവകുപ്പിനെ സമീപിച്ചവരാണെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ പേരും സഹകരിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ചൈനയിൽ നിന്ന് വന്നവരെ ശത്രുതയോടെ ആരും നോക്കരുത്. അവരെ മുഴുവൻ രോഗബാധയുള്ളവരായി കാണരുതെന്നും മന്ത്രി പറഞ്ഞു. രോഗബാധയേറ്റാൽ തന്നെ ചികിത്സിച്ച് ഭേദപ്പെടുത്തുമെന്നും മന്ത്രി ഉറപ്പുപറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പി ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി; വിഷയം അക്കാദമിക്ക് മുന്നിലെത്തി; പരാതി കിട്ടിയിരുന്നുവെന്ന് കുക്കു പരമേശ്വരൻ
കടയ്ക്കാവൂരിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി, പരിശോധനയിൽ സമീപത്ത് വസ്ത്രവും ചെരുപ്പും കണ്ടെത്തി