
ദില്ലി: ഗവർണ്ണർ ബില്ലുകൾ പിടിച്ചു വച്ചതിനെതിരെ നൽകിയ ഹർജി പിൻവലിക്കാൻ സംസ്ഥാനം അനുമതി തേടി. ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട സാഹചര്യത്തിൽ ഇനി ഹർജി നിലനിൽക്കുന്നതല്ലെന്നാണ് സംസ്ഥാനത്തിന്റെ വാദം. നിയമ സഭ പാസാക്കിയ ബില്ലുകളിൽ മൂന്നുമാസത്തിനകം ഗവർണർ തീരുമാനമെടുക്കണമെന്ന് തമിഴ്നാട് നൽകിയ ഹർജിയിൽ കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ വിധി ബാധകമാകുമെന്നുമാണ് കേരളത്തിന്റെ വാദം. മുൻ അറ്റോണി ജനറൽ കെകെ വേണുഗോപാലാണ് കേരളത്തിന് വേണ്ടി കോടതിയിലെത്തിയത്. ഹർജി പിൻവലിക്കുന്നതിനെ കേന്ദ്രം എതിർത്തു. ഇവ ഭരണഘടനാ പ്രശ്നങ്ങളിലെ ഹർജിയെ ലഘുവായി കാണരുതെന്നും പിൻവലിക്കാൻ അനുവദിക്കരുതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. മെയ് 13 ന് പരിഗണിക്കാൻ ഹർജി മാറ്റി.