
പത്തനംതിട്ട: വിദ്യാർഥിനി തുടർച്ചയായ ലൈംഗിക പീഡനത്തിന് വിധേയയായ സംഭവത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം 29 ആയി. ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ എന്നീ പൊലീസ് സ്റ്റേഷനുകളിലായാണ് പെൺകുട്ടിയുടെ മൊഴിപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആകെ 42 പ്രതികൾ അറസ്റ്റിലായെന്നും പൊലീസ് വ്യക്തമാക്കി. പത്തനംതിട്ടയിൽ ആകെ 11 കേസുകളിലായി 26 പ്രതികളും, ഇലവുംതിട്ടയിൽ 16 കേസുകളിലായി 14 പേരും പിടിയിലായപ്പോൾ, പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിൽ രണ്ട് യുവാക്കൾ പിടിയിലായി.
തിങ്കളാഴ്ച 14 പേരെയാണ് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച അറസ്റ്റ് ചെയ്തവരിൽ ഇലവുംതിട്ടയിലെ 8 പേരും, പത്തനംതിട്ട സ്റ്റേഷനിലെ 4 പ്രതികളും, പന്തളം സ്റ്റേഷനിലെ രണ്ടുപേരും ഉൾപ്പെടുന്നു. ഞായറാഴ്ച രാത്രി വരെ 28 പേരായിരുന്നു അറസ്റ്റിലായിരുന്നത്. ഇലവുംതിട്ട കേസുകളിൽ പുതുതായി അറസ്റ്റിലായവർ അമൽ (18), ആദർശ് (20), ശിവകുമാർ (21), ഉമേഷ് (19), ശ്രീജു (18), അജി (19), അശ്വിൻ (21), സജിൻ (23) എന്നിവരാണ്. പത്തനംതിട്ട സ്റ്റേഷനിലെ കേസുകളിൽ പുതുതായി പിടിയിലായത് അഭിജിത് (19), ജോജി മാത്യു (25), അമ്പാടി (24), അരവിന്ദ് (20), എന്നിവരാണ്. ആകാശ് (19), ആകാശ് (22) എന്നിവരാണ് പന്തളം പൊലീസിന്റെ പിടിയിലായവർ.
കേസിൽ പിടിയിലാവാനുള്ള പ്രതികൾക്കായി ഊർജ്ജിതമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിലും പത്തനംതിട്ട നഗര പ്രദേശങ്ങളിലും കൂട്ട ബലാത്സംഗത്തിനുൾപ്പെടെ ഇരയായതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളടക്കം പൊലീസ് ശേഖരിച്ചുവരികയാണ്. മൊബൈൽ ഫോണുകളും മറ്റും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുന്നതായി ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam