
കോഴിക്കോട്: കേരള സംസ്ഥാന ബാംബൂ കോർപ്പറേഷൻ അടച്ച് പൂട്ടൽ ഭീഷണിയിൽ.18 കോടിയോളം രൂപ ആസ്ഥിയുളള കോര്‍പറേഷന് നിലവില്‍ 85 കോടിയിലേറെ രൂപയുടെ ബാധ്യതയുണ്ട്. പ്രവര്‍ത്തനം നിര്‍ത്തിയ പ്ലാന്‍റുകൾക്ക് വേണ്ടിയും പണം ചെലവഴിക്കേണ്ടി വരുന്നതാണ് കോർപ്പറേഷനെ കടുത്ത പ്രതിസന്ധിയിലാക്കുന്നത്.
പനമ്പ് നെയ്ത്ത് തൊഴിലാളികളെ ഉൾപ്പടെുത്തി 1971ല്‍ പ്രവര്‍ത്തനമാരംഭിച്ചതാണ് കേരള സംസ്ഥാന ബാംബൂ കോർപ്പറേഷന്‍. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വിപണി പിടിക്കാന്‍ തുടങ്ങിയതോടെ ബാംബൂ കോര്‍പറേഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു തുടങ്ങി. പിന്നീട്, ഓരോ വര്‍ഷവും വ്യവസായ വകുപ്പ് അനുവദിക്കുന്ന വായ്പയെ ആശ്രയിച്ചായിരുന്നു കോര്‍പറേഷന്‍ പ്രവര്‍ത്തനം. നിലവില്‍ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കേണ്ട ബാധ്യത 85 കോടിയിലേറെയാണ്.
6000 പനമ്പ് നെയ്ത്ത് തൊഴിലാളികളും 200 ഈറ്റവെട്ട് തൊഴിലാളികളുമാണ് കോര്‍പ്പറേഷന് കീഴില്‍ നിലവില്‍ ജോലി ചെയ്യുന്നത്. കോര്‍പ്പറേഷന്‍ പ്രതിസന്ധിയിലായതോടെ ആനുകൂല്യങ്ങളും മുടങ്ങി. നെയ്ത്ത് തൊഴിലാളികളുടെ ഡിഎ 40 മാസമായി നല്‍കിയിട്ടില്ല. കോഴിക്കോട് നല്ലളത്തെ പ്ലാന്‍റിൽ ശമ്പളം നൽകുന്നത് ഗഡുക്കളായാണ്.
ബാംബൂ ടൈൽ നിർമ്മിച്ച് വിപണിയിൽ പിടിച്ച് നിൽക്കാനുള്ള ശ്രമങ്ങൾ കോർപ്പറേഷൻ നടത്തിയെങ്കിലും ഇതിനാവശ്യമായ യന്ത്രങ്ങളോ ഗുണനിലവാരം ഉള്ള മുളയോ ഇല്ലാത്തതിനാൽ ഈ നീക്കവും വിജയിച്ചില്ല. വായ്പ്പാ തിരിച്ചടവുകൾ മുടങ്ങിയതോടെ റിയാബിന്‍റെ കരിമ്പട്ടികയിലുമാണ് ബാംബൂ കോർപ്പറേഷൻ. ബാംബൂ കോർപ്പറേഷൻ പുനസംഘടിപ്പിക്കുമെന്ന ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവും നടപ്പായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam