അടിച്ചു മോനേ! 12 കോടി സമ്മാനമടിച്ചത് കരുനാഗപ്പള്ളിയിലെ ഈ ആറ് പേർക്ക്!

By Web TeamFirst Published Sep 19, 2019, 3:55 PM IST
Highlights

സംസ്ഥാനസർക്കാരിന്‍റെ ലോട്ടറി വകുപ്പ് ചരിത്രത്തിലിതേ വരെ പ്രഖ്യാപിച്ചതിൽ ഏറ്റവും ഉയർന്ന തുകയായ 12 കോടി നേടിയ ഭാഗ്യവാൻമാർ കരുനാഗപ്പള്ളിയിലെ ഒരു സ്വകാര്യ ജ്വല്ലറിയിലെ സെയിൽസ്‍മാൻമാരാണ്. 
 

ആലപ്പുഴ: ടി-എം-1-6-0-8 ... ഇത് വരെ ശരിയാണോ ചേട്ടൻമാരേ? കേരളസർക്കാരിന്‍റെ ഓണം ബമ്പർ ലോട്ടറിയുടെ ആദ്യത്തെ ആറക്കം വായിക്കും വരെ, കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ആറ് സെയിൽസ്‍മാൻമാർക്ക് വലിയ ഞെട്ടലൊന്നുമുണ്ടായിരുന്നില്ല. കേട്ടിട്ട്ണ്ട്, കേട്ടിട്ട്ണ്ട് .. എന്ന് കിലുക്കത്തിലെ കിട്ടുണ്ണിയേട്ടൻ നിൽക്കുന്നത് പോലെ ഇരുന്ന അവർ, അവസാനത്തെ രണ്ടക്കം കേട്ടപ്പോഴാണ് ഞെട്ടിത്തരിച്ച് അന്തം വിട്ട് പോയത്. 

TM160869 - രണ്ട് ദിവസം മുമ്പ് അവർ കൂട്ടായി മേടിച്ച അതേ ടിക്കറ്റ് തന്നെ. ഭാഗ്യം വരുന്ന ഓരോ വഴിയേ, ആറ് പേർക്കും ഇതുവരെ അമ്പരപ്പ് മാറിയിട്ടില്ല. ആദ്യത്തെ ഞെട്ടൽ തീർന്നപ്പോൾ ആറ് പേരും കൂടി കൂട്ടത്തോടെ ഒരു ഫോട്ടോയുമെടുത്തു. പിന്നിൽ ഒപ്പം ലോട്ടറിയുടെ ഒപ്പം ഒരു പടവും!

ചുങ്കത്ത് ജ്വല്ലറിയിലെ സെയിൽസ്‍മാൻമാരായ രാജീവൻ, രംജിം, റോണി, വിവേക്, സുബിൻ, രതീഷ് എന്നിവർക്കാണ് 12 കോടി സമ്മാനമടിച്ചത്. കിട്ടിയ തുക സ്വന്തം ആവശ്യത്തിനായി മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനത്തിന് കൂടി ഉപയോഗിക്കുമെന്ന് കൂട്ടുകാർ. 12 കോടി രൂപയിൽ നികുതി കിഴിച്ച് ഇവർക്ക് 7.56 കോടി രൂപ കിട്ടും.

ആലപ്പുഴ കായംകുളം ശ്രീമുരു​ഗാ ലോട്ടറി ഏജന്റ് ശിവൻകുട്ടി വിറ്റ ടിക്കറ്റാണിത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി ഒന്നാം സമ്മാനമായി കിട്ടിയ ഭാഗ്യവാൻമാർക്ക് അഭിനന്ദനപ്രവാഹമാണ്. രണ്ടാം സമ്മാനമായ അമ്പത് ലക്ഷം രൂപ  10 പേർക്കാണ് ലഭിക്കുന്നത്. 

കഴിഞ്ഞ വർഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനത്തുക. അച്ചടിച്ച 46 ലക്ഷം ടിക്കറ്റുകളിൽ 43 ലക്ഷത്തിലേറെയും വിറ്റുപോയിട്ടുണ്ട്. ടിക്കറ്റ് വിൽപ്പനയിലൂടെ സംസ്ഥാന സർക്കാറിന് 29 കോടി വരുമാനമായി കിട്ടി. 

click me!