
തിരുവനന്തപുരം : വിലക്കയറ്റ കാലത്ത് ജനങ്ങൾക്ക് വീണ്ടും തിരിച്ചടി. സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ എൽഡിഎഫ് യോഗത്തിൽ തീരുമാനം. അരി മുതൽ മുളകുവരെ സബ്സിഡിയുള്ള 13 ഇനങ്ങളുടെ വിലയാണ് കൂടുക. വൻപയർ, ചെറുപയർ, പഞ്ചസാര, പച്ചരി, മുളക്, മല്ലി എന്നിവയ്‌ക്കെല്ലാം വില കൂടും. ഏഴ് വർഷത്തിന് ശേഷമാണ് സബ്‌സിഡി സാധനങ്ങൾക്ക് വില കൂട്ടുന്നത്. തീരുമാനം എടുക്കാൻ ഭക്ഷ്യ മന്ത്രിയെ എൽഡിഎഫ് യോഗം ചുമതലപ്പെടുത്തി. 7 വർഷത്തിന് ശേഷമാണ് സബ്സിഡി സാധനങ്ങളുടെ വില കൂട്ടുന്നത്. വില കൂട്ടണം എന്നായിരുന്നു സപ്ലൈക്കോ ആവശ്യം. ഇത് മുന്നണിയും പരിഗണിച്ചാണ് ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്.
വിപണിയിൽ ഇടപെട്ടതിന്റെ പേരിൽ സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക 1525 കോടിയാണ്. ഒന്നുകിൽ കുടിശ്ശിക നൽകുക അല്ലെങ്കിൽ വില കൂട്ടുകയെന്നതാണ് സപ്ലൈകോ മുന്നോട്ട് വെച്ച ആവശ്യം. പ്രതിസന്ധി പരിഹരിക്കണമെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെയും നിലപാട്.
റേഷന്‍ വിതരണം തടസപ്പെട്ടു
സംസ്ഥാനത്ത് രാവിലെ മുതൽ റേഷന്‍ വിതരണം തടസപ്പെട്ടു. ഇപോസ് മെഷീന്‍ സര്‍വ്വർ തകരാറിലായതോടെ വിതരണം മുടങ്ങിയതിനാൽ റേഷന്‍കടകള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. രാവിലെ 8 മുതൽ തന്നെ കടകൾ തുറന്നെങ്കിലും ഇ-പോസ് മെഷീൻ പണിമുടക്കി. എന്നത്തേയും പോലെ സെർവർ തകരാറെന്ന് ഇന്നും ഐടി സെല്ലിൽ നിന്ന് അറിയിപ്പ് ലഭിച്ചു. ഉടനടി പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും പ്രതീക്ഷയോടെ വന്നവർ കുറച്ചുനേരം കാത്ത് നിരാശരായി മടങ്ങി. സാങ്കേതിക തകരാർ പരിഹരിക്കാനായി ഐ.ടി മിഷന്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ ടെക്നിക്കല്‍ ടീം ശ്രമിച്ചുവരികയാണെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിലാണ് പ്രശ്മപരിഹാരമായി റേഷന്‍കടകള്‍ ഉച്ചയ്ക്ക് ശേഷം തുറന്ന് പ്രവർത്തിക്കേണ്ടതില്ലെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനില്‍ ഉത്തരവിട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam