
തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിനേഷൻ പദ്ധതിക്കായി ഒരു കോടി ഡോസ് വാക്സിൻ വാങ്ങാൻ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നൽകി. 70 ലക്ഷം ഡോസ് കൊവിഷിൽഡ് വാക്സിനും മുപ്പത് ലക്ഷം കൊവാക്സിനും വാങ്ങാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. കൂടുതൽ വാക്സിനായി കേന്ദ്രത്തോട് നിരന്തരം ആവശ്യമുന്നയിച്ചെങ്കിലും കാര്യമായ പ്രതികരണം ഇല്ലാതെ വന്നതോടെയാണ് സ്വന്തം നിലയിൽ വാക്സിൻ വാങ്ങാനുള്ള നടപടികൾ സംസ്ഥാനം വേഗത്തിലാക്കിയത്. മെയ് മാസത്തിൽ തന്നെ പത്ത് ലക്ഷം ഡോസ് വാക്സിൻ കേരളത്തിൽ എത്തിക്കാമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും സര്‍ക്കാരിന് ഉറപ്പ് നൽകിയെന്നാണ് സൂചന. ഇതോടൊപ്പം കേന്ദ്രസര്‍ക്കാരിൽ നിന്നും കൂടുതൽ സൗജന്യവാക്സിൻ നേടിയെടുക്കാനുള്ള സമ്മര്‍ദ്ദവും സംസ്ഥാനം തുടരും.
അതേസമയം കൊവിഡ് വ്യാപനം അതിരൂക്ഷമായെങ്കിലും സംസ്ഥാനത്ത് ഒരു ലോക്ക് ഡൗണ്‍ ഉടനെ വേണ്ട എന്ന ധാരണയിലാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം എത്തിയത്. നിലവിൽ ശനി,ഞായര്‍ ദിവസങ്ങളിൽ സംസ്ഥാനത്ത് മിനി ലോക്ക് ഡൗണ്‍ നിലനിൽക്കുന്നുണ്ട്. ഇതു കൂടാതെ എല്ലാ ദിവസവും നൈറ്റ് കര്‍ഫ്യൂവും വൈകിട്ടോടെ കടകൾ എല്ലാം അടയ്ക്കാനും നിര്‍ദേശമുണ്ട്. നിലവിൽ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങൾ എത്രത്തോളം ഫലപ്രദമായെന്ന് വിലയിരുത്തിയ ശേഷം മാത്രം സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ എന്ന സാധ്യത പരിശോധിച്ചാൽ മതിയെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലെ ധാരണ.
രോഗവ്യാപനം അതിതീവ്രമായ സ്ഥലങ്ങളിൽ പ്രാദേശിക ലോക്ക് ഡൗണ്‍ അടക്കം നടപ്പാക്കാൻ ജില്ലാ കളക്ടര്‍മാര്‍ക്ക് അനുമതി കൊടുക്കാനും സര്‍ക്കാര്‍ തലത്തിൽ ധാരണയായിട്ടുണ്ട്. ഇതോടെ മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം വരും വരെ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ സംസ്ഥാനതലത്തിൽ ഉണ്ടാവില്ലെന്ന് ഏതാണ്ടുറപ്പായി. 15% മുകളിൽ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റുള്ള ജില്ലകളിൽ ലോക് ഡൌൺ എന്ന കേന്ദ്ര നിർദേശം തല്ക്കാലം നടപ്പാക്കേണ്ട എന്നാണ് കേരളത്തിൻ്റെ നിലപാട്. അടുത്ത സര്‍ക്കാരാവും ലോക്ക് ഡൗണ്‍ അടക്കമുള്ള വിഷയങ്ങളിൽ ഇനി തീരുമാനമെടുക്കുക.
മഹ്‍സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam