
തിരുവനന്തപുരം: കേന്ദ്രവും സംസ്ഥാനങ്ങളും സംസ്ഥാനങ്ങള്‍ തമ്മിലുമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സതേണ്‍ സോണല്‍ കൗണ്‍സിലില്‍ കെ റെയില്‍ ഉയര്‍ത്താന്‍ കേരളം. പാത കര്‍ണാടക വരെ നീട്ടുന്നത് കേരളം ചര്‍ച്ചയില്‍ ഉന്നയിക്കും. യോഗത്തില്‍ തലശ്ശേരി, മൈസൂരു, നിലമ്പൂര്‍, നഞ്ചന്‍കോട് പാത കേരളം ഉന്നയിച്ചു . റെയില്‍വേ വികസനം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. തമിഴ്നാടും അതിവേഗ റെയില്‍ ഇടനാഴി ആവശ്യപ്പെട്ടു.
കോവളം റാവിസ് കൺവൻഷൻ സെന്‍ററില്‍ നടക്കുന്ന കൗൺസിലിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായാണ് അധ്യക്ഷത വഹിക്കുന്നത്. കൗൺസിലിൽ പങ്കെടുക്കാനായി ഇന്നലെ കോവളത്ത് എത്തിയ അമിത് ഷായെ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു. സ്വീകരണത്തോട് അനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവർ കൗൺസിലിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ 10 മുതൽ 2 വരെയാണ് കൗൺസിൽ ചേരുന്നത്.
വാളയാർ പെൺകുട്ടികളുടെ അമ്മയും മധുവിന്‍റെ അമ്മയും അമിത് ഷാ കാണും; കേന്ദ്ര സഹായം വേണമെന്നാവശ്യം
വാളയാർ പെൺകുട്ടികളുടെ അമ്മയും അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മയും തിരുവനന്തപുരത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുന്നതിനായാണ് ഇരുവരും തിരുവനന്തപുരം എത്തിയത്. കേസിൽ കേന്ദ്രസഹായം വേണമെന്നും കേരളത്തിന് പുറത്തുള്ള സിബിഐ സംഘം കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് വാളയാർ പെൺകുട്ടികളുടെ അമ്മ അമിത് ഷായെ കാണുന്നത്.
തങ്ങൾക്ക് മാത്രമായി ഒരു അഭിഭാഷകൻ വേണമെന്നും ഇക്കാര്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെടുമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇനിയൊരു കുടുംബവും ഇങ്ങനെ തെരുവിൽ അലയാൻ പാടില്ല. അനുകൂല നിലപാട് ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. കേസിൽ കേന്ദ്ര സഹായം വേണമെന്നാണ് മധുവിന്‍റെ അമ്മയുടെ ആവശ്യം. സാക്ഷികൾ കൂറുമാറുന്ന സാഹചര്യത്തിൽ കേസിൽ കേന്ദ്രസഹായം വേണമെന്നാണ് മധുവിന്‍റെ അമ്മ മല്ലിയുടെ അഭ്യർത്ഥന.സാക്ഷികൾ കൂറുമാറുന്ന സാഹചര്യം ഉണ്ടെന്നും അമിത് ഷായെ അറിയിക്കും. സതേൺ സോണൽ കൗൺസിലിന് ശേഷം വൈകീട്ടോടെ അമിത് ഷായെ കാണാനാകുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam