
തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളിൽ വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന. ഓഫീസുകളിൽ നടന്നു വരുന്ന ക്രമവിരുദ്ധ പ്രവർത്തനങ്ങളും അഴിമതികളും കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ എക്സൈസ് ഡിവിഷൻ ഓഫീസുകളിലും തെരഞ്ഞെടുത്ത എക്സൈസ് സർക്കിൾ ഓഫീസുകളിലും റേഞ്ച് ഓഫീസുകളിലുമാണ് വിജിലൻസ് പരിശോധന നടത്തിയത്. 'ഓപ്പറേഷൻ കോക്ടെയിൽ' എന്ന പേരിൽ ഇന്നലെ ഒരേ സമയത്ത് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.
ഓണക്കാലത്തോടനുബന്ധിച്ച് ചില കള്ള്ഷാപ്പ് ഉടമകളും ബാർ ഉടമകളും പരിശോധന ഒഴിവാക്കുന്നതിന് ചില എക്സൈസ് ഉദ്ദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി വരുന്നതായും ലൈസൻസ് നിബന്ധനകൾക്കും പെർമിറ്റുകൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന കള്ള്ഷാപ്പുകൾക്കും ബാറുകൾക്കും ചില എക്സൈസ് ഉദ്ദ്യോഗസ്ഥർ ഒത്താശ ചെയ്ത് കൊടുക്കുന്നതായും വിജിലൻസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സംസ്ഥാനത്തെ 14 എക്സൈസ് ഡിവഷനുകളിലും തെരഞ്ഞെടുത്ത 16 എക്സൈസ് സർക്കിൾ ഓഫീസുകളിലും 45 റേഞ്ച് ഓഫീസുകളും ഉൾപ്പടെ 75-ഓളം എക്സൈസ് ഓഫീസുകളിൽ വിജിലൻസ് ഇന്നലെ ഉച്ച മുതൽ ഒരേ സമയം മിന്നൽ പരിശോധന നടത്തി.
കള്ള് ഷോപ്പുകളിലും, ബാറുകളിലും, നിശ്ചിത ഇടവേളകളിൽ എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തണമെന്ന ഉത്തരവിന് വിരുദ്ധമായി ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ്, ചേർത്തല എക്സൈസ് റേഞ്ച് ഓഫീസ്, കോട്ടയം ജില്ലയിലെ ഈരാറ്റുുപേട്ട എക്സൈസ് റേഞ്ച് ഓഫീസ്, ഏറ്റുമാനൂർ എക്സൈസ് റേഞ്ച് ഓഫീസ്, കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ്, പാലക്കാട് ജില്ലയിലെ ചിറ്റൂൂർ എക്സൈസ് റേഞ്ച് ഓഫീസ്, വയനാട് ജില്ലയിലെ കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസ് തുടങ്ങിയ ഓഫീസുകളിൽ ഉത്തരവ് പ്രകാരമുള്ള പരിശോധന എക്സൈസ് ഉദ്യോഗസ്ഥർ നടത്തുന്നില്ല എന്ന് വിജിലൻസ് കണ്ടെത്തി.
ബെവ്കോ ഗോഡൗണുകളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മാത്രമേ ബാറുകളിൽ മദ്യം ഇറക്കാവൂ എന്ന ഉത്തരവ് സംസ്ഥാനത്തെ ചില എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാർ നടപ്പിലാക്കുന്നില്ല എന്നും വിജിലൻസ് കണ്ടെത്തി. ഇന്നലെ പരിശോധന നടത്തിയ ചേർത്തല എക്സൈസ് സർക്കിൾ ഓഫീസ്, പാലക്കാട് ജില്ലയിലെ ചിറ്റൂർഎക്സൈസ് റേഞ്ച് ഓഫീസ്, പാലക്കാട് എക്സൈസ് റേഞ്ച് ഓഫീസ്, തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസ്, എന്നീ ഓഫീസുകളുടെ കീഴിൽ പ്രവർത്തിക്കുന്ന ചില ബാറുകളിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലല്ല ബെവ്കോ ഔട്ട്ലെറ്റുകളിൽ നിന്നും മദ്യം ഇറക്കുന്നതെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ പൊതുസ്ഥലത്ത് പുകവലിക്കുന്നത് പോലുള്ള കുറ്റങ്ങളിൽ പിടിക്കപ്പെടുന്നവരിൽ നിന്നും പിഴ ഈടാക്കാതെ പിഴയെക്കാൾ കൂടുതൽ തുകയുമായി ഓഫീസിലെത്താൻ നിർദ്ദേശിക്കുന്നതടക്കമുള്ള ഗുരുതര സംഭവങ്ങളാണ് വിജിലൻസ് കണ്ടെത്തിയത്.. കണ്ണൂർ ജില്ലയിലെ ഇരിട്ടി എക്സൈസ് റേഞ്ച് ഓഫീസിലെ വിശ്രമ മുറിയിൽ നിന്ന് കണക്കിൽപ്പെടാത്ത പത്ത് ബോട്ടിൽ വിദേശമദ്യവും, കാസർഗോഡ് ജില്ലയിലെ ബദിയെടുക്ക എക്സൈസ് റേഞ്ച് ഓഫീസ്സിൽ അബ്ക്കാരി കേസിൽ ഉൾപ്പെടാത്തതും, കർണാടകയിൽ മാത്രം വിൽക്കുന്നതിനുമായിട്ടുള്ള പത്ത് കവർ മദ്യവും കണ്ടെത്തി.
Read more: സിപിഎം പുറത്തുവിടുമെന്ന് പറഞ്ഞ രേഖകൾ വെളിച്ചം കാണുന്നില്ല, കയ്യിലുള്ള രേഖകളുമായി മാധ്യമങ്ങളെ കാണും: കുഴൽനാടൻ
കാസർഗോട് ജില്ലയിലെ കുമ്പള എക്സൈസ് റേഞ്ച് ഓഫീസ്സിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരിക്കുന്ന ആറ് വാഹനങ്ങളുടെ ബാറ്ററിയും, കോഴിക്കോട് ജില്ലയിലെ വടകര എക്സൈസ് സർക്കിൾ ഓഫീസ്സിൽ സൂക്ഷിച്ചിരുന്ന വാഹനത്തിന്റെ ബാറ്ററിയും നഷ്ടപ്പെട്ടിരിക്കുന്നതായും കണ്ടെത്തി. കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെ ഡ്രൈവറുടെ ഗൂഗിൾ പേ വഴി കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നാല് തവണകളിലായി ഒരുലക്ഷത്തി പതിനയ്യായിരം രൂപ വന്നതിനെപ്പറ്റി വിശദമായ അന്വേഷണം നടത്തുന്നതാണെന്ന് വിജിലൻസ് അറിയിച്ചു. വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാർ ഐപിഎസിന്റെ ഉത്തരവ് പ്രകാരം വിജിലൻസ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ്.ഹർഷിത അത്തല്ലൂരി. ഐ പി എസിന്റെ മേൽനോട്ടത്തിലും പൊലീസ് സൂപ്രണ്ട് (ഇന്റ്) ഇഎസ് ബിജുമോന്റെ നേതൃത്വത്തിലും നടന്ന മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു.
എക്സൈസ് ഓഫീസുകളുടെ പ്രവർത്തനം സുതാര്യമാക്കുന്നതിനും അഴിമതി പൂർണ്ണമായും തുടച്ചുനീക്കുന്നത് ഉറപ്പ് വരുത്തുന്നതിലേയ്ക്കുമായി വരും ദിവസങ്ങളിലും ഇത് സംബന്ധിച്ച പരിശോധന തുടരുമെന്നും മിന്നൽ പരിശോധനയിൽ കണ്ടെത്തിയ അപാകതകളെപ്പറ്റി വിശദമായ റിപ്പോർട്ട് മേൽനടപടികൾക്കായി സർക്കാരിന് നൽകുമെന്നും വിജിലൻസ് ഡയറക്ടർ ടികെ വിനോദ്‌കുമാർ ഐപിഎസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം