വേനൽചൂടിൽ വെന്തുരുകുന്നു, പക്ഷേ തലസ്ഥാനഗരത്തിൽ കുടിവെള്ളമില്ല, കുടിവെള്ള കിയോസ്കുകൾ നോക്കുകുത്തി, പ്രതികരിച്ച് മേയർ

Published : Apr 23, 2026, 08:37 PM IST
water crisis

Synopsis

ചുട്ടുപൊള്ളുന്ന വേനലിൽ തിരുവനന്തപുരം നഗരം കടുത്ത കുടിവെള്ള ക്ഷാമം നേരിടുകയാണ്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കുടിവെള്ള കിയോസ്കുകൾ പ്രവർത്തനരഹിതമായതും പൈപ്പ് ലൈനിലെ പുതിയ ചോർച്ചയെ തുടർന്ന് വിവിധ വാർഡുകളിൽ ജലവിതരണം തടസപ്പെടുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനൽചൂടിനിടെ നഗരത്തിലെ പൈപ്പ് പൊട്ടലും കുടിവെള്ള ക്ഷാമവും മൂലം നരകിക്കുന്ന നഗരവാസികൾക്ക് ഇരുട്ടടിയായി കുടിവെള്ള കിയോസ്കുകളും പണിമുടക്കി. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 25 കിയോസ്കുകളും പ്രവർത്തിക്കുന്നില്ല. പൈപ്പ് ലൈനിൽ അടിക്കടിയുണ്ടാകുന്ന അറ്റകുറ്റപ്പണികളും ജലച്ചോർച്ചയും മൂലം പേപ്പാറയിൽ നിന്നും നഗരത്തിലേക്കെത്തിക്കുന്ന 1000 ലിറ്റർ കുടിവെള്ളത്തിൽ 600 ലിറ്റർമാത്രമേ നഗരത്തിലെത്തൂ എന്നാണ് മേയറുടെ കണക്ക്. ശുദ്ധജലക്ഷാമത്താൽ നഗരവാസികൾ വലയുമ്പോഴാണ് നഗരത്തിലെ കാൽനടക്കാർ‌ക്കടക്കം ഉപയോഗപ്രദമായിരുന്ന കുടിവെള്ള കിയോസ്കുകളും പ്രവർത്തന രഹിതമായിരിക്കുന്നത്.  

കോർപ്പറേഷൻ എൽഡിഎഫ് ഭരിക്കുമ്പോൾ ആരംഭിച്ച കിയോസ്കുകൾ മൂന്ന് മാസമായി പ്രവർത്തിക്കുന്നില്ലെന്ന് യൂണിവേഴ്സിറ്റി കോളെജിലെ വിദ്യാർഥികളടക്കം പറയുന്നു. പുതിയ കോർപ്പറേഷൻ ഭരണ സമിതി ഇതിൽ നടപടിയെടുക്കാത്തതെന്തുകൊണ്ടാണെന്നും വിദ്യാർഥികൾ ചോദിക്കുന്നു.എന്നാൽ, കിയോസ്കുകളുടെ പരിശോധന എഞ്ചിനീയറിംഗ് സെക്ഷൻ വഴി നടന്നുകൊണ്ടിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വെല്ലുവിളിയാണെന്നുമാണ് കോർപ്പറേഷൻ അധികാരികളുടെ വാദം. കുടിവെള്ള കിയോസ്കും ശുചിമുറിയുമടക്കം പദ്ധതി പുനഃക്രമീകരിക്കുവാനുള്ള കാര്യങ്ങൾ ഫെബ്രുവരിയിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ പാസാക്കിയിട്ടുണ്ട്. പെരുമാറ്റ ചട്ടം മാറിയാൽ മൂന്നോ നാലോ മാസത്തിനകം പ്രശ്നം പരിഹരിക്കാൻ കഴിയും. സ്മാർട്ട് സിറ്റി ഏൽപ്പിച്ച പല വർക്കുകളും പൂർത്തിയായ പിന്നാലെ തകർന്നു പോയിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ചു കൊണ്ടു വരികയാണ്. എന്തായാലും ഒരു മൂന്നാല് മാസം കൊണ്ടൊക്കെ പരിഹരിക്കാൻ സാധിക്കുമെന്ന് മേയർ വി.വി രാജേഷും പറയുന്നു.

അതിനിടെ, തട്ടിനകം പാലത്തിന് സമീപം കേരള വാട്ടർ അതോറിറ്റിയുടെ 900എംഎം എംഎസ് ലൈനിൽ പെട്ടെന്നുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണികൾ നടത്തിത്തേണ്ടതിനാൽ തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർക്കോണം, സൈനിക് സ്കൂൾ, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, കുളത്തൂർ, അലത്തറ, കുഴിവിള, കേശവദാസപുരം, ഇടവക്കോട്, പട്ടം, ഉള്ളൂർ, മുട്ടട വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണം ഏപ്രിൽ 24 (വെള്ളിയാഴ്ച) വരെ പൂർണമായും മേയ് ഒന്നു (വെള്ളിയാഴ്ച) വരെ ഭാഗികമായും തടസപ്പെടുമെന്നും ഉപഭോക്താക്കൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണെന്നും വാട്ടർ അതോറിറ്റിയും അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കനത്ത വേനൽ ചൂട്, കുട്ടികളെ നിർബന്ധിച്ച് അംഗനവാടികളിൽ ഇരുത്തേണ്ട, സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു
ശബരിമല കേസ്: യുവതിപ്രവേശനത്തിൽ പണ്ഡിതരുടെ നിലപാട് എന്തിന് സർക്കാർ തേടണം, സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് പന്തളം കൊട്ടാര അംഗം