അധിക്ഷേപിക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണം; ഒരു വശം മാത്രം പെരുപ്പിച്ച് കാട്ടി: വനിതാ കമ്മീഷന്റെ പ്രതികരണം

Published : Jan 24, 2021, 11:29 AM ISTUpdated : Jan 24, 2021, 11:35 AM IST
അധിക്ഷേപിക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണം; ഒരു വശം മാത്രം പെരുപ്പിച്ച് കാട്ടി: വനിതാ കമ്മീഷന്റെ പ്രതികരണം

Synopsis

ഒരുവശം മാത്രം പെരുപ്പിച്ചുകാട്ടി പത്ര-ദൃശ്യ മാധ്യമങ്ങള്‍ സംയുക്ത പ്രചാരണം നടത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമാണോ ചിന്തിക്കണമെന്നും വനിതാ കമ്മീഷൻ

തിരുവനന്തപുരം: തനിക്കെതിരെ പ്രചരിക്കുന്നത് അധിക്ഷേപിക്കാൻ ലക്ഷ്യമിട്ടുള്ള വസ്തുതയ്ക്ക് നിരക്കാത്ത വാർത്തകളെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. വിഷയത്തിന്റെ ഒരുവശം മാത്രം പെരുപ്പിച്ചുകാട്ടി പത്ര-ദൃശ്യ മാധ്യമങ്ങള്‍ സംയുക്ത പ്രചാരണം നടത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമാണോ ചിന്തിക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വേണ്ടി കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വനിതാ കമ്മീഷന്റെ വിശദീകരണം

വാര്‍ത്തയില്‍ സൂചിപ്പിക്കുന്ന ലക്ഷ്മിക്കുട്ടിയമ്മയുടെ പരാതി പി6/1080/പിറ്റിഎ/കെഡബ്ല്യൂസി/2020 നമ്പര്‍ ആയി 2020 മാര്‍ച്ച് പത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. ഈ പരാതി ഈ മാസം 28-ന് പത്തനംതിട്ട പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് അദാലത്തില്‍ പരിഗണിക്കുന്നതിന് നേരത്തേതന്നെ നോട്ടീസ് നല്‍കിയിരിക്കുകയാണ്.

എന്നാല്‍ പരാതിക്കാരിയുടെ മകന്‍ നാരായണപിള്ള നല്‍കിയ പരാതി പി6/588/പിറ്റിഎ/കെഡബ്ല്യൂസി/2020 ആയി 2020 ഫെബ്രുവരി ആറിന് രജിസ്റ്റര്‍ ചെയ്തിരുന്നു. 2020 ഡിസംബര്‍ 18-ന് അദാലത്തില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നതുമാണ്. എന്നാല്‍ പരാതിക്കാരായ ലക്ഷ്മിക്കുട്ടിയോ മകന്‍ നാരായണപിള്ളയോ ഹാജരായില്ല. ഹാജരാകാന്‍ സാധിക്കുകയില്ലെന്ന വിവരം കമ്മിഷനെ രേഖാമൂലമോ ഫോണ്‍ മുഖേനയോ അറിയിക്കുകയും ചെയ്തിട്ടില്ല.

വനിതാ കമ്മിഷനില്‍ സ്ത്രീകള്‍ നല്‍കുന്ന പരാതികള്‍ മാത്രമേ സ്വീകരിക്കൂ എന്നിരിക്കിലും വിഷയത്തിന്റെ ഗൗരവം, ലക്ഷ്മിക്കുട്ടിയമ്മയുടെ പ്രായം എന്നിവ കണക്കിലെടുത്താണ് ലക്ഷ്മിക്കുട്ടിയമ്മയുടെ മകന്‍ നല്‍കിയ പരാതി പ്രത്യേകം പരിഗണിച്ച് പെറ്റീഷന്‍ രജിസ്റ്റര്‍ ചെയ്തത്. കൊറോണമൂലം അദാലത്തുകള്‍ വൈകാനുള്ള സാഹചര്യവുമുണ്ടായി. 

മാത്രവുമല്ല, ഇയാളുടെ പരാതി ക്രൈം 0022/2020/ഐപിസി 1860 വകുപ്പ് 447, 294(ബി), 323 എന്ന നമ്പറില്‍ പത്തനംതിട്ട പെരുമ്പെട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണ്. പ്രതി ഇപ്പോള്‍ ജാമ്യത്തിലുമാണ് എന്നാണ് അറിയുന്നത്. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ അത് മറികടന്ന് തീരുമാനമെടുക്കാന്‍ കമ്മിഷന് അധികാരവുമില്ല. എന്നിരിക്കിലും പരാതി കമ്മിഷന്‍ പരിശോധിച്ചുവരികയായിരുന്നു.

ഈ വിഷയത്തില്‍ പൊലീസിന്റെയും വനിതാ കമ്മിഷന്റെയും ഭാഗത്തുനിന്നുള്ള നിയമനടപടികള്‍ നടന്നുകൊണ്ടിരിക്കെ വനിതാ കമ്മിഷന്‍ അധ്യക്ഷയെ വിളിച്ച്, കേസ് സംബന്ധമായ കാര്യം സംസാരിക്കേണ്ട സാഹചര്യം തന്നെ ഇല്ലാത്തതാണ്. നൂറുകണക്കിന് പരാതികള്‍ ലഭിക്കുമ്പോള്‍ എല്ലാ പരാതികളും ഓര്‍ത്തുവയ്ക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഫോണ്‍ വിളിച്ചയാളുടെ ആശയവിനിമയത്തിലെ അവ്യക്തതയാണ് പുതിയ പരാതിയാണെന്ന ധാരണയില്‍ ഉപദേശ രൂപേണ ചെയര്‍പേഴ്‌സണ്‍ ചോദിച്ചത്.

ആ ചോദ്യത്തിന്റെ ഉദ്ദ്യേശ്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡിലും വനിതാ കമ്മിഷന്റെതന്നെ മേല്‍നോട്ടത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ അധ്യക്ഷനായി ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് ആരായുകയായിരുന്നു. അതിനു പുറമേ സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരിക തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നോ എന്നുമാണ്. 

വനിതാ കമ്മിഷന്‍ കോടതിയോ പൊലീസ് സ്റ്റേഷനോ അല്ല. പരാതി ലഭ്യമായ മാത്രയില്‍ കേസ് ചാര്‍ജ് ചെയ്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ, ശിക്ഷ വിധിക്കാനോ അധികാരം ഉള്ള സ്ഥാപനമല്ല. കേരള വനിതാ കമ്മിഷന്‍ ആക്റ്റ് 1990 പ്രകാരം സംസ്ഥാപിതമായിട്ടുള്ള ഒരു അര്‍ധജുഡീഷ്യല്‍ സ്വഭാവമുള്ള സ്ഥാപനമാണ്.

പരാതികള്‍ രജിസ്റ്റര്‍ ചെയ്ത് അദാലത്തിലൂടെ പരാതിക്കാര്‍ക്കും എതിര്‍കക്ഷികള്‍ക്കും പറയാനുള്ളതുകേട്ട് യുക്തമായ നിലപാട് സ്വീകരിക്കുകയാണ് കമ്മിഷന്‍ ചെയ്യുന്നത്. പൊലീസ് റിപ്പോര്‍ട്ട് തേടേണ്ടവയില്‍ അപ്രകാരം ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. പുറമേ കൗണ്‍സലിങ്, അഭയം ഏര്‍പ്പെടുത്തല്‍ തുടങ്ങിയ അടിയന്തര സഹായങ്ങളും ചെയ്യും. ഇത്തരത്തില്‍ ഏകദേശം 15,000 പരാതികള്‍ക്കാണ് കഴിഞ്ഞ നാലഞ്ച് വര്‍ഷത്തിനിടയില്‍ വനിതാ കമ്മിഷന്‍ തീര്‍പ്പാക്കിയിട്ടുള്ളത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ പെൺസുഹൃത്തിനെ വിളിച്ചുവരുത്തി; സ്റ്റൂൾ തട്ടി മാറ്റി കൊലപ്പെടുത്തി, യുവാവ് കസ്റ്റഡിയിൽ
രക്തസാക്ഷി ഫണ്ട്‌ തട്ടിപ്പ് ബാധിച്ചേക്കുമോ? ഭയത്തിൽ സിപിഎം, പയ്യന്നൂർ ഏരിയ കമ്മിറ്റിക്ക് കീഴിൽ ഇന്ന് യോഗം, വിശദീകരണം നൽകും