യൂത്ത് കോൺഗ്രസ് പുന:സംഘടന രണ്ടാഴ്‌ചക്കുള്ളിലെന്ന് ഡീൻ കുര്യാക്കോസ്

By Web TeamFirst Published Nov 1, 2019, 7:01 AM IST
Highlights
  • യൂത്ത് കോൺഗ്രസ് പുനസംഘടന അനന്തമായി നീളുന്നതിനെതിരെ നിരവധി യുവ നേതാക്കൾ പരസ്യമായി രംഗത്തെത്തിയിരുന്നു
  • എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ജൂണിൽ കേന്ദ്രനേതൃത്വത്തിന് താൻ രാജിക്കത്ത് നൽകിയിരുന്നുവെന്ന് ഡീൻ

ഇടുക്കി: സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് നേതൃത്വം രണ്ടാഴ്‌ചക്കുള്ളിൽ പുന:സംഘടിപ്പിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ ഡീൻ കുര്യാക്കോസ് എംപി. ഇത് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന നേതാക്കൾ തമ്മിൽ ചർച്ച നടക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം തെരഞ്ഞെടുപ്പിലൂടെയാകില്ല ഇത്തവണത്തെ പുനസംഘടനയെന്ന സൂചനയും നൽകി.

യൂത്ത് കോൺഗ്രസ് പുനസംഘടന അനന്തമായി നീളുന്നതിനെതിരെ നിരവധി യുവ നേതാക്കൾ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന അധ്യക്ഷൻ നിലപാട് വ്യക്തമാക്കിയത്. എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ജൂണിൽ കേന്ദ്രനേതൃത്വത്തിന് താൻ രാജിക്കത്ത് നൽകിയിരുന്നുവെന്നും എന്നാൽ അൽപം കൂടി കാത്തിരിക്കാൻ നേതൃത്വം ആവശ്യപ്പെട്ടുവെന്നും ഡീൻ പറഞ്ഞു. ഇതിന് പിന്നാലെ ഉപതെരഞ്ഞെടുപ്പുകൾ കൂടി വന്നതാണ് പുനസംഘടന വൈകാൻ കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.

യൂത്ത് കോൺഗ്രസ് പുനസംഘടന നോമിനേഷനിലൂടെ മതിയെന്ന് പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ സംസ്ഥാന നേതാക്കൾ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളൊന്നും തുടങ്ങാത്ത സാഹചര്യത്തിൽ രണ്ടാഴ്ചക്കുള്ളിൽ പുനസംഘടന നടക്കുമെന്ന് ഡീൻ പറയുന്നതിലൂടെ ഇത്തവണയും തലപ്പത്ത് നേതാക്കളെത്തുക നോമിനേഷനിലൂടെയെന്ന് വ്യക്തം. സംസ്ഥാന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നോമിനേഷനിലൂടെ യുവ എംഎൽഎമാരെ എത്തിക്കാൻ എ-ഐ ഗ്രൂപ്പുകൾ തമ്മിൽ ചർച്ചകൾ സജീവമാണ്. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവ‍ർത്തകരുടെ പ്രതിഷേധവും ഉയരുന്നുണ്ട്.

click me!