
തിരുവനന്തപുരം : പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നീണ്ടതോടെ സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടനാപ്രവര്‍ത്തനം നിര്‍ജീവമായി. നിലവിലെ ഭാരവാഹികള്‍ നേതൃപദവിയില്‍ നിന്ന് പിന്മാറിയ നിലയിലായതിനാൽ, സര്‍ക്കാരിനെതിരായ സമരരംഗത്തും സംഘടനയില്ല. അടുത്ത മാസം അവസാനത്തോടെയെങ്കിലും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷ.
മെയ് മാസം 26 ന് തൃശ്ശൂരില്‍ അവസാനിച്ച സംസ്ഥാന സമ്മേളനത്തോടെ അധ്യക്ഷപദവിയില്‍ നിന്ന് ഒഴിഞ്ഞ മട്ടാണ് ഷാഫി പറമ്പില്‍. സംസ്ഥാന അധ്യക്ഷനെന്ന നിലയ്ക്ക് പിന്നീട് പരിപാടികളോ പ്രക്ഷോഭങ്ങളോയില്ല. ഭാരവാഹികളുടെ യോഗമോ കൂടിയാലോചനകളോ നടന്നിട്ടുമില്ല. സജീവമായിരുന്ന വാട്സ് ആപ് ഗ്രൂപ്പില്‍ പോലും അനക്കമില്ല. ജൂണില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച് ജൂലെ അവസാനത്തോടെ പുതിയ അധ്യക്ഷനെ കണ്ടെത്തുമെന്നായിരുന്നു വോട്ടെടുപ്പ് നടത്തിയ ഏജന്‍സിയുടെ ഉറപ്പ്. മൂന്നുമാസമായിട്ടും തെരഞ്ഞെടുപ്പ് പ്രക്രിയ്യ നീളുകയാണ്. എപ്പോള്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ സംസ്ഥാന നേതാക്കള്‍ക്ക് ഉറപ്പില്ല.
വാളയാർ കേസിലെ പ്രതിയുടെ ദുരൂഹമരണം: ഫാക്ടറി സൈറ്റ് മാനേജർ കസ്റ്റഡിയിൽ
അടുത്തമാസം അവസാനത്തോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എ,ഐ ഗ്രൂപ്പ് നേതാക്കള്‍ നേരിട്ട് ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പിന്‍റെ സുതാര്യത സംബന്ധിച്ചും പരാതികളുണ്ട്. നിലവിലെ ഭാരവാഹികള്‍ കയ്യൊഴിയുകയും പുതിയവര്‍ എത്തുന്നത് നീളുകയും ചെയ്തതോടെ ഒട്ടേറെ വിഷയങ്ങളില്‍ ഒരു പ്രതിഷേധപ്രകടനം പോലും നടത്താനാകാതെ നിര്‍ജീവമായിരിക്കുകയാണ് സംഘടന. അതേസമയം വോട്ടെടുപ്പിന്‍റെ ഭാഗമായി 7,69,277 പേരാണ് യൂത്തുകോണ്‍ഗ്രസില്‍ ഓണ്‍ലൈനായി അംഗത്വം എടുത്തത്. ഇതില്‍ രണ്ടു ലക്ഷത്തോളം അംഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ഏജന്‍സി ഇനിയും അംഗീകാരം നല്‍കിയിട്ടില്ല. ആയിരക്കണക്കിന് വോട്ടുകള്‍ തള്ളുകയും ചെയ്തിട്ടുണ്ട്. അംഗത്വഫീസായി മൂന്നുകോടി 84 ലക്ഷത്തില്‍പ്പരം രൂപയാണ് കേരളത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് നടത്തിയ സ്വകാര്യ ഏജന്‍സി പിരിച്ചെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam