
തൃശ്ശൂർ: പോളണ്ടിൽ മലയാളി കുത്തേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. സൂരജിന് ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരിക്കേറ്റു. ജോർജിയൻ പൗരന്മാരുമായുള്ള വാക്കു തർക്കത്തിനിടെയാണ് സംഭവം. ഇവരിലൊരാളുടെ കുത്തേറ്റാണ് സൂരജ് മരിച്ചതെന്നാണ് വിവരം. ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ - സന്ധ്യ ദമ്പതികളുടെ മകനാണ് മരിച്ച സൂരജ്. അഞ്ച് മാസം മുമ്പാണ് ഇദ്ദേഹം പോളണ്ടിലേക്ക് പോയത്. പോളണ്ടിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. സൂരജിന്റെ മരണ വിവരം സുഹൃത്തുക്കൾ ബന്ധുക്കളെ വിളിച്ച് അറിയിച്ചു.
പോളണ്ടിലെ ഇന്ത്യൻ എംബസി വിവരം സ്ഥിരീകരിച്ചു. ആഷിഖ് എന്ന സുഹൃത്താണ് വിവരം വീട്ടിലേക്ക് അറിയിച്ചത്. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടതായി സൂരജിന്റെ തൃശ്ശൂരിലെ കൂട്ടുകാർ പറഞ്ഞു. ജോർജിയൻ പൗരനാണ് കുത്തിയതെന്നാണ് ആഷിഖ് സുഹൃത്തുക്കളെ അറിയിച്ചത്. വീട്ടുകാരെ കുറച്ച് സമയം മുൻപാണ് വിവരം അറിയിച്ചത്.
സൂരജിന് കുത്തേറ്റത് നെഞ്ചിനും കഴുത്തിനുമാണ് കുത്തേറ്റത്. പരിക്കേറ്റ ഒരു മലയാളിയെ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. സീഡ്‌ക് എന്ന സ്ഥലത്തുള്ള സർക്കാർ ആശുപത്രിയിലാണ് സൂരജിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിലെ പ്രതികളായ ജോർജിയൻ പൗരന്മാർക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതായാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
പോളണ്ടിൽ അടുത്തടുത്ത ദിവസങ്ങളിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളിയാണ് സൂരജ്. പാലക്കാട് സ്വദേശി ഇബ്രാഹിമാണ് കഴിഞ്ഞ ദിവസം ഇവിടെ കൊല്ലപ്പെട്ടത്. പുതുശ്ശേരി സ്വദേശി ഇബ്രീഹിമിനെയാണ് വാഴ്സയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഇദ്ദേഹത്തിന്റെ വീട്ടുടമയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
വാഴ്സയിലെ ഐഎൻജി ബാങ്കിൽ ഐടി എൻജിനീയറായിരുന്നു കൊല്ലപ്പെട്ട ഇബ്രാഹീം. പത്തുമാസം മുമ്പാണ് ജോലിക്ക് ചേർന്നത്. 24ആം തീയതിവരെ ബന്ധുക്കളെ വിളിച്ചിരുന്നു. അന്ന് വൈകീട്ട് പതിവുപോലെ വിളിച്ചെങ്കിലും കിട്ടിയില്ല. മറ്റുമാർഗങ്ങളിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല. പോളിഷ് സ്വദേശിക്കൊപ്പമാണ് ഇബ്രാഹീം താമസിച്ചിരുന്നത്. എന്താണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് വ്യക്തമല്ല. പുതുശ്ശേരി സ്വദേശികളായ
ഷെരീഫിന്റെയും റസിയ ബാനുവിന്റെയും മകനായിരുന്നു ഇബ്രാഹിം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam