
തിരുവനന്തപുരം: യുവാക്കളുടെ കുടിയേറ്റ വിഷയത്തിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിമര്‍ശനവുമായി ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം. എല്ലാവര്‍ക്കും ഈ നാട്ടിൽ ജീവിച്ച് വിജയിക്കാൻ കഴിയാത്ത അവസ്ഥയാണെന്നാണ് മുഖ്യമന്ത്രിയെ വേദിയിലിരുത്തി ആര്‍ച്ച് ബിഷപ്പ് പറഞ്ഞത്. എന്നാൽ യുവാക്കളുടെ കുടിയേറ്റ വിഷയത്തിൽ ആശങ്കപ്പെടേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ ആര്‍ച്ച് ബിഷപ്പിനെ പിന്തുണക്കുന്നുവെന്നാണ് വിഡി സതീശൻ നിലപാടെടുത്തത്.
ദൈവത്തിന്റെ നാട്ടിൽ ജീവിതം വിജയിപ്പിക്കാനാകില്ലെന്ന തോന്നൽ പലരിലുമുണ്ടെന്ന് സിറോ മലബാർ സഭ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞു. ഈ നാട്ടിൽ ജീവിച്ച് വിജയിക്കാൻ എല്ലാവർക്കും കഴിയാത്ത അവസ്ഥയാണ്. സിറോ മലബാർ സഭയിൽ നിന്ന് മാത്രം അല്ല മറ്റ് പല സഭകളിലും നിന്ന് യുവജനങ്ങൾ പുറത്തേക്ക് പോകുന്ന സ്ഥിതിയുണ്ട്. അതിന് മാറ്റം വരുത്താൻ ഭരണാധികാരികൾക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രിയോട് പറയുന്നുവെന്ന് പറഞ്ഞ ജോസഫ് പെരുന്തോട്ടം, യുവജനങ്ങൾ ഇവിടെ ജീവിച്ച് ജോലി ചെയ്യണമെന്ന ആവശ്യവും മുന്നോട്ട് വെച്ചു.
ലോകം മാറ്റത്തിന് വിധേയമെന്നായിരുന്നു മുഖ്യമന്ത്രി ആര്‍ച്ച് ബിഷപ്പിന്റെ ആശങ്കയ്ക്കുള്ള മറുപടിയിൽ പറഞ്ഞത്. യുവാക്കൾ പുറത്തേക്ക് പോകുന്നത് ഒരു പ്രതിഭാസമാണ്. പഴയ കാലമല്ല ഇപ്പോഴത്തേത്. വളർന്ന് വരുന്ന യുവ തലമുറക്ക് എന്ത് പഠിക്കണം എവിടെ പഠിക്കണം എന്ന ബോധ്യമുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗം ശക്തീകരിക്കൻ സർക്കാർ നടപടികൾ സ്വീകരിച്ചു പോരുന്നുണ്ട്. എന്നാൽ എല്ലാം ഒറ്റ ദിവസം കൊണ്ട് നേടി എടുക്കാൻ കഴിയില്ല. പക്ഷെ ഇക്കാര്യത്തിൽ ആര്‍ച്ച് ബിഷപ്പ് ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്തേക്കുള്ള യുവാക്കളുടെ കുടിയേറ്റം ഗൗരവമേറിയ വിഷയമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിമര്‍ശനം. എല്ലാരും പോയാൽ കേരളത്തിന്റെ അവസ്ഥ എന്താകുമെന്ന് അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ ഉത്‌കണ്ഠയുണ്ട്. സംസ്ഥാനത്തെ കോളേജുകളിൽ കുട്ടികളില്ലാത്ത അവസ്ഥയാണ്. പലയിടത്തും ബിരുദാനന്തര കോഴ്‌സുകൾ ഇല്ലാതായി. ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തെ ഭരണകര്‍ത്താക്കൾ ഇരിക്കുന്ന വേദിയിൽ വിഷയം ഉന്നയിച്ചതിന് പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു. അപകടകരമായ സാഹചര്യം ആണ് നിലവിൽ ഉള്ളതെന്നും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam