താപനില ഉയരുന്നു: വേനലെത്തും മുന്‍പ് വിയർത്ത് കേരളം

By Web TeamFirst Published Jan 24, 2020, 7:01 AM IST
Highlights

പതിവിന് വിപരീതമായി സംസ്ഥാനത്ത് ഡിസംബറിലും ജനുവരിയിലും തണുപ്പ് നന്നേ കുറഞ്ഞു. പകല്‍ സമയം പല ജില്ലകളിലും ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയെത്തി.
 


തിരുവനന്തപുരം: വേനലെത്തും മുൻപേ കേരളം വിയര്‍ത്തു തുടങ്ങി. ശരാശരിയിലും ഉയർന്ന താപനിലയാണ് എല്ലാ ജില്ലകളിലും രേഖപ്പെടുത്തുന്നത്. കാലാവസ്ഥ മാറ്റം കേരളത്തിലും യാഥാര്‍ത്ഥ്യമാവുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നടത്തിയ പ്രവചനം ശരിയായി, മകരമാസക്കുളിരും പുലരിത്തൂമഞ്ഞുമെല്ലാം കേരളത്തില്‍ ഇക്കുറി പാട്ടിലും കവിതയിലും ഒതുങ്ങുകയാണ്.പതിവിന് വിപരീതമായി സംസ്ഥാനത്ത് ഡിസംബറിലും ജനുവരിയിലും തണുപ്പ് നന്നേ കുറഞ്ഞു. പകല്‍ സമയം പല ജില്ലകളിലും ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയെത്തി. കുറഞ്ഞ താപനിലയാകട്ടെ ശരാശരി 22 മുതല്‍ 24 ഡിഗ്രി വരെ എത്തി നില്‍ക്കുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കിഴക്കന്‍ കാറ്റ് തരംഗത്തിലെ മാറ്റമാണ് കാലാവസ്ഥ വ്യതിയാനത്തിന് വഴി വച്ചതെന്നാണ് വിലയിരുത്തല്‍. അന്തരീക്ഷ മര്‍ദ്ദം ഉയര്‍ന്നു നില്‍ക്കുകയാണ്. ഈര്‍പ്പവും മേഘവും കുറവായതിനാല്‍ സൂര്യതാപം നേരിട്ട് പതിക്കുന്നതും താപനില കൂടാന്‍ കാരണമാകുന്നു. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളാണ് കേരളത്തില്‍ വേനല്‍ക്കാലമായി കണക്കാക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഇത്തവണ സംസ്ഥാനത്ത് വേനല്‍ക്കാലവും കടുത്തേക്കുമെന്നാണ് സൂചന.

click me!