കണി കണ്ടുണര്‍ന്ന്, കൈനീട്ടം നൽകി മലയാളക്കര; പുത്തൻ പ്രതീക്ഷയുടെ വിഷു, ഇക്കുറി ആഘോഷങ്ങൾക്ക് നിയന്ത്രണമില്ല

By Web TeamFirst Published Apr 15, 2022, 12:58 AM IST
Highlights

പൂത്തുലഞ്ഞ കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും, തേച്ചൊരുക്കിയ ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ പൊൻകണി. കണിവെള്ളരി മഹാവിഷ്ണുവിന്‍റെ മുഖവും കൊന്നപ്പൂ കിരീടവും വാൽക്കണ്ണാടി മനസ്സുമെന്ന് വിശ്വാസം

തിരുവനന്തപുരം: ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി മലയാളികൾ വിഷു (Vishu celebration) ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു (vishu 2022)  ആഘോഷത്തിലാണ് മലയാളി. മേടമാസപ്പുലരിയിൽ ഐശ്വര്യക്കാഴ്ചകളിലേക്ക് കൺതുറന്ന് മലയാളികൾ വിഷുവിനെ വരവേറ്റു. പൂത്തുലഞ്ഞ കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും, തേച്ചൊരുക്കിയ ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ പൊൻകണി. കണിവെള്ളരി മഹാവിഷ്ണുവിന്‍റെ മുഖവും കൊന്നപ്പൂ കിരീടവും വാൽക്കണ്ണാടി മനസ്സുമെന്ന് വിശ്വാസം. കണി കണ്ടു കഴിഞ്ഞാൽ പിന്നെ കൈനീട്ടം. ഇത് സമ്പൽ സമൃദ്ധിയുടെ നല്ല നാളെകൾക്കായുള്ള തുടക്കം. പൂത്തിരിയുടെ വർണ്ണപ്പൊലിമയും പുത്തനുടുപ്പുകളുടെ പകിട്ടും കൂടിയാണ് മലയാളിക്ക് ഓരോ വിഷുക്കാലവും.

പ്രത്യാശയ്ക്കുമേൽ കരിനിഴലായി കഴിഞ്ഞ വർഷങ്ങളിൽ പടർന്നു നിന്ന കൊവിഡ് ഭീതി ഇക്കുറി ഒരു പരിധിവരെ മാറി നിൽക്കുന്നതിനാൽ ആഘോഷങ്ങള്‍ വീടുകൾക്ക് പുറത്തേക്കും സന്തോഷം വിതറുകയാണ്. പൊതുവിടങ്ങളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ കൂട്ടായുളള ആഘോഷങ്ങൾക്ക് ഇക്കുറി കുറവുണ്ടാകില്ല. ആശങ്കകള്‍ അകന്നു നിക്കുന്ന നല്ലൊരു നാളെയിലേക്കുള്ള പ്രത്യാശയാണ് മലയാളികളുടെ മനസിൽ ഇത്തവണ വിഷു നിറയ്ക്കുന്നത്.

മുഖ്യമന്ത്രിയും ഗവർണറുമടക്കമുള്ളവരെല്ലാം മലയാളികൾക്ക് വിഷു ആശംസ നേർന്നു. വിഷു ആഘോഷം കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും കരുത്ത് വർധിപ്പിക്കുന്നതാകട്ടെയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ. ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും ഒരുമയുടെയും കൈനീട്ടം നല്കി വിഷു നമ്മെ അനുഗ്രഹിക്കട്ടെയെന്നായിരുന്നു ഗവർണർ ആശംസിച്ചത്.

മുഖ്യമന്ത്രിയുടെ വിഷു ആശംസ

എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐശ്വര്യത്തിൻ്റേയും സമൃദ്ധിയുടേയും പുതിയ പുലരിയെ വരവേൽക്കുന്ന വിഷു ആഘോഷം  നാടിൻ്റെ കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും കരുത്ത് വർധിപ്പിക്കുന്നതാകട്ടെ എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ കാർഷിക സംസ്കാരത്തിൻ്റെ പ്രാധാന്യം വിഷു നമ്മെ ഓർമ്മിപ്പിക്കുന്നു. നഷ്ടപ്പെട്ടു കൊണ്ടിരുന്ന നാടിൻ്റെ കാർഷിക പാരമ്പര്യത്തെ ആവേശപൂർവ്വം നാമിന്നു തിരിച്ചു പിടിക്കുകയാണ്. നെൽകൃഷിയും പച്ചക്കറി ഉത്പാദനവുമെല്ലാം വീണ്ടും മികവിലേയ്ക്കുയരുന്നു. സമൂഹത്തിൻ്റെ ഐക്യം എക്കാലത്തേക്കാളും പ്രസക്തമായ ഈ ഘട്ടത്തിൽ സ്നേഹവും സാഹോദര്യവും നിറഞ്ഞ  മനസ്സോടെ ഒത്തൊരുമിച്ച് നമുക്ക് വിഷു ആഘോഷിക്കാം. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികളുടെ നാളുകൾ മറികടന്നു പുതിയ കുതിപ്പിനായി കേരളം തയ്യാറെടുക്കുകയാണ്. നാടിൻ്റെ സമഗ്രവും സർവതലസ്പർശിയുമായ ക്ഷേമവും വികസനവും ഉറപ്പു വരുത്താൻ നമുക്ക് കൈകോർക്കാം. വിഷുവിൻ്റെ സന്ദേശം പരസ്പരം പങ്കു വച്ച് ശോഭനമായ പുതിയ കാലത്തേയ്ക്ക് ഉറച്ച കാൽവയ്പുകളുമായി മുന്നേറാമെന്നും മുഖ്യമന്ത്രി വിഷു സന്ദേശത്തിൽ പറഞ്ഞു.

ഗവര്‍ണറുടെ വിഷു ആശംസ

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് എന്റെ ഹൃദ്യമായ വിഷു ആശംസകള്‍. ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും ഒരുമയുടെയും കൈനീട്ടം നല്കി വിഷു നമ്മെ അനുഗ്രഹിക്കട്ടെ- ഗവർണർ ആശംസ സന്ദേശത്തില്‍ പറഞ്ഞതിങ്ങനെ.

ഇനി കളി വേറെ ലെവല്‍, ഇന്ത്യയിലെ 100 ദശലക്ഷം ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ് പേ ഉടന്‍ ലഭ്യമാകും

click me!