കെവിൻ കേസ്: എസ്ഐയെ തിരിച്ചെടുത്തത് താൻ അറിഞ്ഞില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

By Web TeamFirst Published May 29, 2019, 11:51 AM IST
Highlights

എസ്ഐയെ തിരിച്ചെടുത്ത വിവരമറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും കോട്ടയം എസ്പിയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നും ബെഹ്റ പറഞ്ഞു 


തിരുവനന്തപുരം: കെവിൻ കേസിൽ എസ്ഐയെ തിരിച്ചെടുത്ത സംഭവം താൻ അറിഞ്ഞില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കോട്ടയം എസ്പിയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നും എസ്ഐയെ തിരിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ബെഹ്റ പറഞ്ഞു.  

അതേ സമയം, കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എംഎസ് ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയർ എസ്ഐയായി തരംതാഴ്ത്തി എറണാകുളം റെയ്ഞ്ച് ഐജി ഉത്തരവിട്ടു. തിരിച്ചെടുത്ത ഷിബുവിനെ ഇടുക്കിയിലേക്ക് മാറ്റും. ഷിബുവിന്‍റെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ പിരിച്ചുവിടൽ നിയമപരമായി നിലനിൽക്കില്ലെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ്ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെവിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകും. ഗാന്ധിനഗർ എസ്ഐ ആയിരുന്ന എംഎസ് ഷിബുവിനെ തിരിച്ചെടുക്കാൻ ഐ ജി ഇന്നലെയാണ് ഉത്തരവിറക്കിയത്. കെവിന്റെ കുടുംബം പ്രതിപക്ഷ നേതാക്കളെയും കാണുമെന്ന് അറിയിച്ചിരുന്നു.

കെവിന്‍റെ മരണമുണ്ടായത് എസ്ഐ ഷിബുവിന്‍റെ കൃത്യ വിലോപം മൂലമാണെന്നും പരാതി നൽകിയിട്ടും നേരിട്ട് കണ്ട് അത് ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയുമെടുക്കാൻ എസ്ഐ ഷിബു തയ്യാറായില്ലെന്നും കെവിന്‍റെ അച്ഛൻ രാജൻ ജോസഫ് പറഞ്ഞു. 

ഔദ്യോഗിക കൃത്യവിലോപത്തിന് പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയ ശേഷമാണ് ഷിബുവിനെ തിരിച്ചെടുക്കാൻ ഇന്നലെ ഐജി ഉത്തരവിട്ടത്. ഷിബു നൽകിയ വിശദീകരണത്തെ തുടർന്നാണ് തിരിച്ചെടുക്കാൻ കൊച്ചി റെയ്ഞ്ച് ഐജി തീരുമാനിച്ചത്. 

click me!