
പാലക്കാട്: താക്കോൽ ദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി. ഇടത് കാൽമുട്ടിന് പരിക്കേറ്റ രണ്ടു യുവാക്കൾക്കാണ് സൗജന്യ ശസ്ത്രക്രിയ നടത്തിയത്. ഇതാദ്യമായാണ് കോട്ടത്തറ ആശുപത്രിയിൽ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തുന്നത്.
ഒട്ടേറെ പരാധീനതകൾക്കിടയിലാണ് അട്ടപ്പാടിയിലെ കോട്ടത്തറ ആശുപത്രി പ്രവർത്തിക്കുന്നത്. ശിശുമരണവും ഗർഭസ്ഥ ശിശു മരണവും പിടിച്ചു നിർത്താൻ പാടുപെടുന്ന ഇവിടുത്തെ ആരോഗ്യ പ്രവർത്തകർ എന്നും പഴി മാത്രം കേട്ടാണ് പ്രവർത്തിക്കുന്നത്. ഇവർക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ് താക്കോൽദ്വാര ശസ്ത്രക്രിയയുടെ വിജയകരമായ പൂർത്തീകരണം. ഒരേ ദിവസം രണ്ടു ശസ്ത്രക്രിയകളാണ് വിജയകരമായി നടത്തിയത്.
ബൈക്ക് അപകടത്തെ തുടർന്ന് കാൽ മുട്ടിന് പരിക്കേറ്റ ചിറ്റൂർ, തെങ്കര സ്വദേശികളായ രണ്ടു യുവാക്കൾക്ക് ആണ് താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. സ്വകാര്യ ആശുപത്രിയിൽ ഏകദേശം ഒന്നര ലക്ഷം രൂപയോളം ചിലവ് വരുന്നതാണ് ഈ ശസ്ത്രക്രിയ. സർക്കാരിൻറെ ആരോഗ്യ സുരക്ഷാ പദ്ധതി ഉപയോഗിച്ച് പൂർണമായും സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam