
ആലപ്പുഴ : ആലപ്പുഴയിലെ ബിജെപി (BJP)പ്രവർത്തകൻ രൺജീത്തിനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗവും സിനിമാ താരവുമായ ഖുശ്ബു. രൺജീത്തിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. കൊല്ലപ്പെട്ട രൺജിത്തിന്റെ പേരിൽ ഒരു സ്റ്റേഷനിലും ഒരു കേസോ പരാതിയോ ഇല്ല. കൃത്യമായി ആസൂത്രണം ചെയ്തത് നടപ്പിലാക്കിയ കൊലപാതകമാണ്. കേസിലെ എല്ലാ പ്രതികളെയും ഉടൻ പിടികൂടണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് കേരളാ മുഖ്യമന്ത്രി ഉറപ്പ് നൽകണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു.
അതേ സമയം രൺജീത്ത് കൊലക്കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പൊലീസ് കസ്റ്റഡിയിലായിരുന്ന ആലപ്പുഴ വെള്ളക്കിണർ സ്വദേശികളായ അനൂപ് അഷ്റഫ്, റസീബ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരുടെ കൂട്ടുപ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാണ്. ആലപ്പുഴ വെള്ളക്കിണർ സ്വദേശിയായ അനൂപ് അഷ്റഫിനെ ബംഗളൂരുവിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സംസ്ഥാനത്തിന് പുറത്തുനടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് മുഖ്യപ്രതികളിൽ ഒരാളായ ഇയാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബൈക്കിലെത്തിയ 12 അംഗം സംഘത്തിൽ ഉൾപ്പെട്ടയാളാണിത്.
അന്വേഷണസംഘം ഇതര സംസ്ഥാനങ്ങളിലെ എസ്ഡിപിഐ ശക്തി കേന്ദ്രങ്ങളിൽ അന്വേഷണം തുടരുകയാണ്. പന്ത്രണ്ടംഗ കൊലയാളി സംഘമാണ് ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam