
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കി സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കിഫ്‌ബിക്ക് രൂക്ഷ വിമർശനം. കിഫ്‌ബിയുടെ അടിസ്ഥാന ആശയം ദുർബ്ബലമായെന്നും കിഫ്‌ബിയെ പൂർണ്ണമായും ബജറ്റ് നിയന്ത്രണത്തിലാക്കണമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയുടെ മേശപ്പുറത്ത് വച്ച ധവള പത്രത്തിൽ വ്യക്തമാക്കുന്നു.
കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടിയെന്നാണ് യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ പറയുന്നത്. സംസ്ഥാന വരുമാനത്തിന്റെ 77% ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി ചെലവാകുന്നുവെന്ന് ധവള പത്രത്തിൽ വ്യക്തമാക്കുന്നു. കിഫ്ബി വലിയ പ്രതിസന്ധി നേരിടുന്നു. ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച കിഫ്ബിയുടെ വായ്പകൾ ഇപ്പോൾ സംസ്ഥാനത്തിന്റെ പൊതു കടപരിധിയിലാണ് കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലാത്തതിനാൽ 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലാകും. കൂടാതെ കിഫ്ബിക്ക് വായ്പ എടുക്കാൻ ഗവൺമെന്റിനേക്കാൾ 1 മുതൽ 1.5% വരെ കൂടുതൽ പലിശ നൽകേണ്ടി വരുന്നുണ്ട്. കിഫ്ബി പദ്ധതികളുടെ വിതരണത്തിൽ പ്രാദേശികമായ അസമത്വമുണ്ടെന്നും (കണ്ണൂർ ജില്ലയിൽ മാത്രം ആകെ തുകയുടെ 20% അനുവദിച്ചു) റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam