
തിരുവനന്തപുരം: സംസ്ഥാനത്തെ വനസംരക്ഷണത്തിനും വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുമായി കിഫ്ബി വഴി 574 കോടി 84 ലക്ഷം രൂപ അനുവദിച്ചതായി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. വനത്തിനുള്ളിൽ തന്നെ വന്യജീവികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി അവ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാനാണ് ഈ തുക പ്രധാനമായും ചെലവഴിക്കുക. വനത്തിനുള്ളിലെ പ്രശ്നങ്ങൾക്ക് മാന്ത്രിക വടി കൊണ്ട് പെട്ടെന്ന് പരിഹാരം കാണാൻ കഴിയില്ലെന്നും ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങളാണ് ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു എകെ ശശീന്ദ്രൻ കാര്യങ്ങൾ വിശദീകരിച്ചത്. വനത്തിനുള്ളിൽ വന്യമൃഗങ്ങൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നതാണ് ആദ്യ പടി. വനത്തെ നശിപ്പിക്കുന്ന അധിനിവേശ സസ്യങ്ങളെ വെട്ടിമാറ്റി വനസംരക്ഷണം ഉറപ്പാക്കും. വന്യജീവികൾക്ക് ഇഷ്ടപ്പെട്ട തരം വൃക്ഷങ്ങൾ വനത്തിനുള്ളിൽ വെച്ചുപിടിപ്പിക്കും. ഇത്രയേറെ വെല്ലുവിളികൾ ഉയര്‍ന്നുവരാൻ സാധ്യതയുള്ള വകുപ്പാണ് വനംവകുപ്പ് എന്ന് ഞാൻ കരുതിയിരുന്നില്ല. മന്ത്രി സ്ഥാനം ഏറ്റെടുത്ത് ഒരു വര്‍ഷം കഴിയുമ്പോഴേക്ക് വനം ഒരു വിഷയമായി തുടങ്ങി. മലയോര കര്‍ഷക പ്രശ്നവും, ക്രമസമാധാന പ്രശ്നം ആകുന്ന അവസ്ഥ വരെയും എത്തി. ആ സാഹചര്യത്തിലാണ് വനംവകുപ്പും വനംവകുപ്പ് മന്ത്രിയും ഉണ്ടെന്നും ജനങ്ങൾ അറിഞ്ഞ് തുടങ്ങിയത്. വനംവുകുപ്പ് ഒരു സുപ്രധാനമായ വകുപ്പാണെന്ന് തിരിച്ചറിയുക കൂടിയായിരുന്നു അത്.
മുൻപ് ശത്രുതയോടെ കണ്ടിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു. ജനങ്ങളുടെ ആവശ്യങ്ങൾക്കായി കഠിനാധ്വാനം ചെയ്യുന്ന വകുപ്പായി ഇത് മാറി. വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ജനങ്ങൾക്ക് ബന്ധമില്ലായിരുന്നു. ഉദ്യോഗസ്ഥരെ ജനങ്ങൾ ശത്രുക്കളായി കണ്ടു. അത് മാറ്റാനാണ് ഞാൻ ശ്രമിച്ചത്. അത് നല്ല രീതിയിൽ മാറ്റമുണ്ടാക്കാൻ കഴിഞ്ഞു. കഠിനാധ്വാനം ചെയ്യുന്ന, ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വകുപ്പായി വനംവകുപ്പ് മാറി. ആവശ്യമായ ഉത്തരവുകൾ അതിവേഗം നൽകാനും വകുപ്പ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും സാധിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
761 കിലോമീറ്റർ ദൂരത്തിൽ പുതിയ സോളാർ വേലികൾ സ്ഥാപിക്കാനും കേടായവ പുനർനിർമ്മിക്കാനും സാധിച്ചു. വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ഒന്നാം ഘടു നഷ്ടപരിഹാരം എല്ലാവർക്കും നൽകി. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പായിട്ടും സമരങ്ങൾ നടക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി പറഞ്ഞു. കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയത് വലിയ മാറ്റമുണ്ടാക്കയെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ എൻസിപിയിൽ എന്ത് മാറ്റങ്ങൾ വന്നാലും കേരളത്തിലെ ഘടകം ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam