കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ തട്ടിപ്പ്: നിർണായക തീരുമാനങ്ങളെടുത്തത് മന്ത്രിസഭ പോലും അറിയാതെ; കിൻഫ്രയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിൽ പണം അനുവദിച്ചു

Published : Oct 17, 2026, 07:51 AM IST
KIIFB

Synopsis

കിഫ്‌ബി പദ്ധതികളിൽ മന്ത്രിസഭ പോലുമറിയാതെ വൻ ഭൂമി ഏറ്റെടുക്കൽ നടന്നതിന്റെ രേഖകൾ പുറത്തുവന്നു. കിൻഫ്രയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിലും പാലക്കാട്ടും കോടികളുടെ ഭൂമിയാണ് ഏറ്റെടുത്തത്. മസാല ബോണ്ട് ഇറക്കിയതിൽ ഉന്നത ഉദ്യോഗസ്ഥരുടെ എതിർപ്പ് മറികടന്നുവെന്നും വിജിലൻസ് ക്രമക്കേടുകൾ കണ്ടെത്തിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ദിനംപ്രതിയെന്നോണം പുറത്തുവരുന്നു. കിഫ്‌ബി പദ്ധതികളിൽ നിർണായക തീരുമാനങ്ങളെടുത്തത് മന്ത്രിസഭ പോലും അറിയാതെയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കണ്ണൂരിലും പാലക്കാട്ടും പന്ത്രണ്ടായിരം കോടി രൂപയ്ക്ക് ഭൂമി ഏറ്റെടുത്തത് കിൻഫ്രയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിൽ മാത്രമെന്ന വിവരമാണ് ഏറ്റവുമൊടുവിൽ പുറത്തായത്. നോട്ടും അനുമതി കത്തും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മസാല ബോണ്ട് ഇറക്കിയ ഘട്ടത്തിൽ ചീഫ് സെക്രട്ടറിയുടെയും ധനകാര്യ സെക്രട്ടറിയുടെയും എതിർപ്പ് മറി കടന്നുവെന്നും രേഖകൾ വ്യക്തമാക്കുന്നു.

ആരോഗ്യ-വ്യവസായ മേഖലകളുടെ വികസനത്തിനെന്ന പേരിലാണ് കിൻഫ്രക്കായി കണ്ണൂരിലും പാലക്കാടും 12,710 കോടി രൂപ ഭൂമി ഏറ്റെടുക്കാൻ അനുവദിച്ചത്. കിൻഫ്ര സമർപ്പിച്ച കൺസെപ്റ്റ് നോട്ടിന്റെ അടിസ്ഥാനത്തിൽ കാര്യമായ ചർച്ചകളില്ലാതെ കിഫ്ബി ബോർഡ് യോഗത്തിൽ അനുമതി നൽകുകയായിരുന്നു. ബോർഡ് യോഗത്തിലെ മിനിറ്റ്സിന്റെ പകർപ്പുകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കണ്ണൂരിലെ പട്ടാന്നൂർ, കോളാരി വില്ലേജുകളിലുൾപ്പെടുന്ന പണയത്താംപറമ്പ് മേഖലയിൽ 1,000 ഏക്കറും പാലക്കാട് ഓലപ്പതി, കന്നമ്പ്ര എന്നിവിടങ്ങളിലായി 560 ഏക്കറുമാണ് പദ്ധതിക്കായി ഏറ്റെടുത്തത്. എന്നാൽ കണ്ണൂരിൽ വൻ തുക മുടക്കി ഏറ്റെടുത്ത ഭൂമിയിൽ ഇതുവരെയും യാതൊരു വികസന പ്രവർത്തനങ്ങളും നടന്നിട്ടില്ല.

പട്ടാന്നൂർ, കോളാരി വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കൽ നടപടികളിൽ വൻ ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. വ്യക്തമായ നിയമപരമായ രേഖകളൊന്നുമില്ലാതെ ഭൂമിക്ക് വൻ തുക നഷ്ടപരിഹാരമായി അനുവദിച്ചെന്നാണ് കണ്ടെത്തൽ. നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സർക്കാരിന് വൻ സാമ്പത്തിക നഷ്ടം വരുത്തിവെച്ചതിന് മട്ടന്നൂർ സ്പെഷ്യൽ തഹസീൽദാർ ഓഫീസിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഉയർന്ന പലിശ നിരക്കിൽ മസാല ബോണ്ട് ഇറക്കുന്നതിനെതിരെ അന്നത്തെ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും ശക്തമായി എതിർത്തിരുന്നു. എന്നാൽ ഈ ഉന്നത ഉദ്യോഗസ്ഥരുടെ വിമർശനങ്ങൾ തികച്ചും അവഗണിച്ച് മസാല ബോണ്ടിന് അംഗീകാരം നൽകുകയായിരുന്നു. കിഫ്ബി ബോർഡ് യോഗങ്ങളിൽ നിർണായക തീരുമാനങ്ങൾ യാതൊരുവിധ മുൻഗണനാ പരിശോധനയോ ചർച്ചയോ ഇല്ലാതെയാണ് പാസാക്കിയെടുത്തതെന്ന് പുറത്തുവന്ന മിനിറ്റ്സ് വ്യക്തമാക്കുന്നു. സർക്കാർ സംവിധാനങ്ങൾക്ക് മുകളിലുള്ള സ്വതന്ത്ര പരമാധികാരിയായി കിഫ്ബി മാറിയെന്ന യുഡിഎഫിൻ്റെയടക്കം ആരോപണങ്ങൾക്ക് അടിവരയിടുന്നതാണ് ഇപ്പോൾ പുറത്തുവന്ന ഔദ്യോഗിക രേഖകൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ; ലീഗ് സംസ്ഥാന വൈ. പ്രസിഡൻ്റ് എം.സി. മായിൻഹാജി ചെയർമാൻ
ചക്രവാതച്ചുഴിയുടെ സ്വാധീനം ശക്തം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത;