യുവാവിന്‍റെ മരണത്തിൽ പരാതിയുമായി കുടുംബം; ചികില്‍സ പിഴവും, അമിത ഫീസും

By Web TeamFirst Published May 11, 2021, 6:45 AM IST
Highlights

ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശി പ്രിന്‍സ്. കേവലം 42 വയസ് മാത്രം പ്രായമുളള ഈ ചെറുപ്പക്കാരന്‍ ഏപ്രില്‍ 24നാണ് കരുനാഗപ്പളളി വലിയത്ത് ആശുപത്രിയില്‍ കൊവിഡ് രോഗത്തിന് ചികില്‍സ തേടി പ്രവേശിപ്പിക്കപ്പെട്ടത്. 

കൊല്ലം: കൊവിഡ് ചികില്‍സയ്ക്ക് അമിത ഫീസ് ഈടാക്കിയതിന് പുറമേ ചികില്‍സാ പിഴവു മൂലം രോഗിയുടെ മരണത്തിനും സ്വകാര്യ ആശുപത്രി കാരണമായെന്ന് പരാതി. കൊല്ലം കരുനാഗപ്പളളി വല്ല്യത്ത് ആശുപത്രിക്കെതിരെയാണ് ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവിന്‍റെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്.പണം തട്ടാൻ വേണ്ടി ബില്ലിലടക്കം കൃത്രിമം കാട്ടിയെന്നാണ് മരിച്ച രോഗിയുടെ കുടുംബത്തിന്റെ ആരോപണം.

ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശി പ്രിന്‍സ്. കേവലം 42 വയസ് മാത്രം പ്രായമുളള ഈ ചെറുപ്പക്കാരന്‍ ഏപ്രില്‍ 24നാണ് കരുനാഗപ്പളളി വലിയത്ത് ആശുപത്രിയില്‍ കൊവിഡ് രോഗത്തിന് ചികില്‍സ തേടി പ്രവേശിപ്പിക്കപ്പെട്ടത്. അന്ന് മുന്‍കൂറായി നല്‍കിയ 15000 രൂപയടക്കം മെയ് മാസം 5 വരെ 3,30,000 രൂപ പ്രിന്‍സിന്‍റെ ചികില്‍സയ്ക്കായി ആശുപത്രിയില്‍ നിന്ന് ഈടാക്കി. എന്നാല്‍ പണം വാങ്ങിയതല്ലാതെ മതിയായ മരുന്നുകളോ ഓക്സിജനോ പോലും പ്രിന്‍സിന് നല്‍കിയില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. രോഗം മൂര്‍ഛിച്ചിട്ടും ഒരിക്കല്‍ പോലും ഇക്കാര്യം അറിയിച്ചില്ലെന്നും പ്രിന്‍സിന്‍റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഒടുവില്‍ മെയ് മാസം 5ന് പ്രിന്‍സിനെ ഡിസ്ചാര്‍ജ് ചെയ്ത് വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഡെബിറ്റ് കാര്‍ഡിലെ പണം സ്വീകരിക്കാന്‍ കഴിയുന്നില്ലെന്ന സാങ്കേതികത്വം പറഞ്ഞ് പ്രിന്‍സിനെ ആശുപത്രിയില്‍ നിന്ന് വിട്ടയക്കുന്നതില്‍ പോലും ഒരു ദിവസം കാലതാമസം വരുത്തിയെന്ന ഗുരുതര പരാതിയും കുടുംബം ഉന്നയിക്കുന്നുണ്ട്. അമിതബില്‍ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വേറെയും ഒട്ടേറെ പരാതികള്‍ വലിയത്ത് ആശുപത്രിക്കെതിരെ ഉയരുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!