മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ തർക്കമുണ്ടെങ്കില്‍ ഇടപെടേണ്ടത് കോടതി: കിരണ്‍ ബേദി

By Web TeamFirst Published Jan 18, 2020, 7:34 PM IST
Highlights

ഭരണഘടനാ വിഷയത്തിൽ തർക്കം നടക്കുന്നുണ്ടെങ്കിൽ തീരുമാനം എടുക്കേണ്ടത് കോടതിയെന്നും കിരൺ ബേദി

കോഴിക്കോട്: അധികാരത്തെ ചൊല്ലി മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ അതിൽ ഇടപെടേണ്ടത് കോടതിയെന്ന് കിരൺ ബേദി. രണ്ട് പേർക്കും പ്രവർത്തിക്കാനുള്ള അനുമതി ഭരണഘടന നൽകുന്നുണ്ട്. ഭരണഘടനാ വിഷയത്തിൽ തർക്കം നടക്കുന്നുണ്ടെങ്കിൽ തീരുമാനം എടുക്കേണ്ടത് കോടതിയെന്നും കിരൺ ബേദി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ നടത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ ചട്ടം ലംഘിച്ചെന്നാണ് ഗവര്‍ണറുടെ വിമര്‍ശനം. എന്നാല്‍ കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടൽ ആവശ്യമുള്ള സംഭവങ്ങൾ ഗവര്‍ണറെ അറിയിക്കണമെന്ന് മാത്രമാണ് ചട്ടത്തിൽ പറയുന്നതെന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം. 

ഇപ്പോൾ നടക്കുന്നത് കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടുന്ന സാഹചര്യം അല്ലെന്നും അതിനാല്‍ തന്നെ സമ്മതം ചോദിക്കേണ്ട ആവശ്യമില്ലെന്നുമാണ് സര്‍ക്കാരിന്‍റെ വാദം. അതേസമയം ഗവര്‍ണര്‍ക്കെതിരെ ഭരണ പ്രതിപക്ഷത്ത് നിന്ന് വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഗവര്‍ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ പോലെ പെരുമാറുന്നെന്നാണ് പൊതുവിമര്‍ശനം. 

click me!