പൊലീസിന്റെ കർഷക വിരുദ്ധ നടപടി അവസാനിപ്പിക്കാതെ കേന്ദ്രവുമായി ചർച്ചയ്ക്കില്ലെന്ന് കിസാൻ മോർച്ച

By Web TeamFirst Published Feb 2, 2021, 4:04 PM IST
Highlights

കര്‍ഷക സമരം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭ ഇന്ന് പ്രക്ഷുബ്ധമായി

ദില്ലി: കേന്ദ്ര സർക്കാരുമായി തത്കാലം ചർച്ചയ്ക്ക് ഇല്ലെന്നു സംയുക്ത കിസാൻ മോർച്ച. പൊലീസിന്റെ കർഷകവിരുദ്ധ നടപടികൾ അവസാനിപ്പിക്കാതെ ചർച്ചയ്ക്കില്ലെന്നതാണ് നിലപാട്. കസ്റ്റഡിയിൽ ഉള്ള 122 പേരെ വിട്ടയക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. റോഡിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇന്റർനെറ്റ് വിച്ഛേദിച്ചതിലൂടെ അറിയാനുള്ള അവകാശം ഇല്ലാതാക്കാൻ ശ്രമിക്കുന്നതായും സംയുക്ത കിസാൻ മോർച്ച നേതാക്കൾ കുറ്റപ്പെടുത്തി.

കര്‍ഷക സമരം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭ ഇന്ന് പ്രക്ഷുബ്ധമായി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാനടപടികൾ പലതവണ നിര്‍ത്തിവെച്ചു. നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിൽ പ്രതിപക്ഷത്തിന് എതിര്‍പ്പുകൾ ഉന്നയിക്കാമെന്ന് രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു വ്യക്തമാക്കി.

പ്രതിപക്ഷ ബഹളത്തിനിടെയാണ് ഇന്ന് രാജ്യസഭാ നടപടികൾ തുടങ്ങിയത്. ചട്ടം 267 പ്രകാരം സഭാ നടപടികൾ നിര്‍ത്തിവെച്ച് കര്‍ഷക സമരം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാൽ, എളമരം കരീം, ബിനോയ് വിശ്വം തുടങ്ങിയ അംഗങ്ങൾ നൽകിയ നോട്ടീസ് രാജ്യസഭ അദ്ധ്യക്ഷൻ തള്ളി. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

സഭ വീണ്ടും സമ്മേളിച്ചതോടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. ലോക്സഭയിലും ചര്‍ച്ചയാവശ്യപ്പെട്ട് എഎം ആരിഫും എൻ കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, എന്നീ അംഗങ്ങളും നോട്ടീസ് നൽകി. കര്‍ഷക സമരം മാത്രം വിഷയമാക്കി ബജറ്റ് സമ്മേളനത്തിൽ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷം. 

click me!