
തൃശൂർ: മണലൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപനെതിരെ ബിജെപി തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകും. നടനും ബിജെപി നേതാവുമായ ദേവന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്തി എന്നു കാണിച്ചാണ് പരാതി നൽകുക. കിറ്റ് വിവാദം ടി എൻ പ്രതാപന്‍റെ പൊറോട്ടുനാടകം ആണെന്ന് മണലൂരിലെ എൻഡിഎ സ്ഥാനാർത്ഥി കെ കെ അനീഷ് കുമാർ പ്രതികരിച്ചു. കുറേ കൊലപാതകികളെയും ക്രിമിനൽ പ്രതികളെയും കൂട്ടിക്കൊണ്ടുവന്ന് പ്രതാപൻ കളിച്ച നാടകം ആയിരുന്നു അത്. ബിജെപി പ്രവർത്തകരോ ദേവനോ കിറ്റ് വാങ്ങിയെന്നോ കൊടുത്തെന്നോ തെളിയിക്കാൻ പോലീസിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും എൻഡിഎ സ്ഥാനാർത്ഥി വെല്ലുവിളിച്ചു. സൂപ്പർ മാർക്കറ്റ് ഉടമ എസ്എൻഡിപി നേതാവാണ്. സാമുദായിക നേതാവ് എന്ന നിലയിലാണ് അദ്ദേഹത്തെ ദേവൻ കാണാൻ എത്തിയത്. സൂപ്പർ മാർക്കറ്റിന്‍റെ ഉടമ അദ്ദേഹത്തിന് വിഷുവിന് കിട്ടിയ ഓർഡർ പ്രകാരം സാധന സാമഗ്രികൾ ഗോഡൌണിൽ തയ്യാറാക്കുകയായിരുന്നു. ബിജെപി കിറ്റ് കൊടുത്തതായി എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടോ എന്നും എൻഡിഎ സ്ഥാനാർത്ഥി ചോദിച്ചു. ദേവനും കിറ്റും തമ്മിൽ ഒരു ബന്ധവുമില്ലെന്നും എൻഡിഎ സ്ഥാനാർത്ഥി അവകാശപ്പെട്ടു.
തൃശൂരിന് പിന്നാലെ മണലൂരിലും ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയർത്തുകയാണ് കോൺഗ്രസും സിപിഎമ്മും. വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനത്തിൽ കിറ്റുകൾ ഓർഡർ ചെയ്യാനായി ബിജെപി നേതാവും ചലച്ചിത്ര താരവുമായ ദേവൻ എത്തിയെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. സ്ഥലത്ത് ബിജെപി പ്രവർത്തകർ കൂടി തടിച്ചു കൂടിയതോടെ ഇന്നലെ സംഘർഷം മണിക്കൂറോളം നീണ്ടു. സംഭവത്തിൽ സ്ഥാപന ഉടമയെയും പ്രാദേശിക ബിജെപി പ്രവർത്തകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പിടിയിലായ വാടാനപ്പള്ളിയിലെ പ്രാദേശിക ബിജെപി പ്രവർത്തകൻ സതീഷിനെ കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. കിറ്റുകൾ വിഷുവിന് സന്നദ്ധ സംഘടനക്ക് നൽകാൻ ഓർഡർ ചെയ്തതാണെന്നും അല്ലാതെ വോട്ടർമാരെ സ്വാധീനിക്കാൻ അല്ലെന്നുമാണ് സതീഷിന്‍റെ മറുപടി.
ദേവൻ ഗോഡൗണിൽ പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ ഇല്ലാത്തതുകൊണ്ട് കസ്റ്റഡിയിലെടുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് ടി എൻ പ്രതാപനടക്കമുള്ള കോൺഗ്രസ് നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ ടിഎൻ പ്രതാപനെ അറസ്റ്റ് ചെയ്തു നീക്കി. പരാജയഭീതി മൂലം ടി എൻ പ്രതാപന്‍റെ നാടകമെന്നായിരുന്നു ദേവന്‍റെ പ്രതികരണം. ബിജെപിയുടെ പ്രചാരണ പരിപാടിക്കിടെ താൻ വിശ്രമിക്കാൻ എത്തിയപ്പോഴാണ് ടി എൻ പ്രതാപനും സംഘവും ബഹളമുണ്ടാക്കിയതെന്നും ദേവൻ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam