തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള പ്ലസ്ടു ക്ലാസുകൾ ഇന്ന് തുടങ്ങും. തിങ്കൾ മുതൽ വെള്ളി വരെ രണ്ടര മണിക്കൂറാണ് ദിവസവും ക്ലാസുണ്ടാവുക. ഒന്നു മുതൽ പത്താംക്ലാസ് വരെയുള്ളവർക്ക് ഡിജിറ്റൽ ക്ലാസ് തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴാണ് കൈറ്റ് വിക്ടേഴ്സിലൂടെ പ്ലസ്ടുവിന്റേയും തുടക്കം.
രാവിലെ 8:30 മുതൽ പത്ത് മണി വരെയും വൈകീട്ട് അഞ്ച് മുതൽ ആറ് വരേയുമാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ഒരു ദിവസം പരമാവധി പഠിപ്പിക്കുക മൂന്ന് വിഷയങ്ങളാണ്. ക്ലാസുകളുടെ പുനഃസംപ്രേഷണവുമുണ്ടാകും. പ്ലസ് വൺ പരീക്ഷ കഴിയാതെയാണ് വിദ്യാർത്ഥികൾ പ്ലസ് ടു ക്ലാസുകളിലേക്ക് കടക്കുന്നത്. സെപ്റ്റംബർ ആറ് മുതലാണ് പ്ലസ് വൺ പരീക്ഷ. ഇതു മാറ്റി വയ്ക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം ഇപ്പോഴും ശക്തമാണ്.
ഫസ്റ്റ് ബെൽ 2.0 യുടെ ഭാഗമായുള്ള സ്കൂൾ തല ഓൺ ലൈൻ ക്ലാസ് എല്ലാ വിദ്യാർത്ഥികൾക്കും മൊബൈൽ അടക്കമുള്ള പഠനോപകരണങ്ങൾ കിട്ടയിശേഷം മാത്രം തുടങ്ങൂ എന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടേയും തദ്ദേശസ്ഥാപനങ്ങളുടേയും സഹായത്തോടെ പഠന സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടി വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയിട്ടുണ്ട്. കൈറ്റ് വിക്ടേഴ്സിന്റെ മൊബൈൽ ആപ്പിൽ തന്നെ ഇനി ഫസ്റ്റ്ബെൽ ക്ലാസുകളും കാണാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam