യൂട്യൂബിൽ 30 ലക്ഷം സബ്സ്ക്രൈബേഴ്സ്: അപൂർവ്വ നേട്ടവുമായി കൈറ്റ് വിക്ടേഴ്സ് യൂട്യൂബ് ചാനൽ

By Web TeamFirst Published Jul 19, 2021, 7:07 PM IST
Highlights

ഇതുവരെ 126 ലക്ഷം രൂപ പരസ്യത്തിലൂടെ ലഭിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 112 ലക്ഷം രൂപയും ഈ വര്‍ഷത്തില്‍ 14 ലക്ഷം രൂപയുമാണ് ലഭിച്ചത്.

തിരുവനന്തപുരം: ഓൺലൈൻ പഠനക്ലാസുകൾ സംപ്രേക്ഷണം ചെയ്യുന്ന വിദ്യാഭ്യാസവകുപ്പിൻ്റെ കൈറ്റ് വിക്ടേഴ്സ് യൂട്യൂബ് ചാനലിന് 30 ലക്ഷം സബ്സ്ക്രൈബേഴ്സ്. കഴിഞ്ഞ വ‍ർഷം ലോക്ക്ഡൗൺ തുടങ്ങിയതിന് പിന്നാലെ സംസ്ഥാനത്തെ പൊതുവിഭ്യാഭ്യാസം കൈറ്റ് വിക്ടേഴ്സ് യൂട്യൂബ് ചാനൽ വഴിയായിരുന്നു. ലക്ഷക്കണക്കിന് വിദ്യാ‍ർത്ഥികളാണ് അധ്യായനത്തിനായി ഈ യൂട്യൂബ് ചാനലിനെ ആശ്രയിക്കുന്നത്. 

ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുൻപേ 49,000 സബ്സ്ക്രൈബേഴ്സ് മാത്രമായിരുന്നു കൈറ്റ് വിക്ടേഴിസിനുണ്ടായിരുന്നത്. ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ക്കുള്ള കൈറ്റ് വിക്ടേഴ്സിലെ ഫസ്റ്റ് ബെല്‍ പരിപാടി യൂട്യൂബിലൂടെ കുട്ടികള്‍ക്ക് കാണാന്‍ കഴിയും. ഇതിനായി www.firstbell.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ക്ലാസുകള്‍ വിഷയം തിരിച്ച് പെട്ടെന്ന് കണ്ടെത്താനുള്ള പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.  ഈ സൈറ്റിനെയും യുട്യൂബുമായി ബന്ധിപ്പിച്ചിട്ടുണ്ട്.  

ഇതുവരെ 126 ലക്ഷം രൂപ പരസ്യത്തിലൂടെ ലഭിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 112 ലക്ഷം രൂപയും ഈ വര്‍ഷത്തില്‍ 14 ലക്ഷം രൂപയുമാണ് ലഭിച്ചത്. ഈ തുക കൈറ്റ് വിക്ടേഴ്സ് ക്ലാസുകളുടെ നിലവാരം‍ മെച്ചപ്പെടുത്തുന്നതിനാണ് ഉപയോഗിച്ചുവരുന്നത്. അതില്‍ 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. അനാവശ്യ പരസ്യങ്ങള്‍ ഉള്‍പ്പെടാതിരിക്കാനും കണ്ടന്റ് കോപ്പി റൈറ്റിനും കൈറ്റ് വിക്ടേഴ്സിന്റെ വീഡിയോകള്‍ എടുത്ത് രൂപമാറ്റം വരുത്തി പ്രചരിപ്പിക്കാതിരിക്കാനും കൂടിയാണ് യുട്യൂബില്‍ പരസ്യം അനുവദിക്കാന്‍ തീരുമാനിച്ചത്. 

ഇങ്ങനെ തുടങ്ങിയ പരസ്യങ്ങള്‍ ക്രമേണ കുറച്ച് കൊണ്ടുവന്നിരുന്നു. ഈ വര്‍ഷത്തെ ക്ലാസുകള്‍ മോണിറ്റൈസ് ചെയ്യുന്നില്ല. എങ്കിലും യുട്യൂബ് സ്വന്തം നിലയിലുള്ള പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാ​ഗമായി സ്വന്തമായി വീഡിയോ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിലുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് കൈറ്റ് സിഇഒ കെ. അൻവ‍ർ സാദത്ത് പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!