വെള്ളാപ്പള്ളിക്കെതിരെ കൊച്ചിയിൽ യോഗം, മഹേശന്റെ മരണത്തിൽ തുഷാറിനെ ചോദ്യം ചെയ്യും

By Web TeamFirst Published Jul 4, 2020, 3:27 PM IST
Highlights

എസ്എൻഡിപി യോഗവും എസ്എൻ ട്രസ്റ്റും സർക്കാർ ഏറ്റെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. രണ്ട് പ്രസ്ഥാനങ്ങളും അഴിമതിയുടെ കൂത്തരങ്ങായി മാറി

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കൊച്ചിയിൽ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ യോഗം. ശ്രീ നാരായണ സേവാ സംഘം രക്ഷാധികാരിയായ പ്രൊഫ എംകെ  സാനുവാണ് യോഗം വിളിച്ചുചേർത്തത്. അതിനിടെ കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് തുഷാർ വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു.

എസ്എൻഡിപി യോഗവും എസ്എൻ ട്രസ്റ്റും സർക്കാർ ഏറ്റെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. രണ്ട് പ്രസ്ഥാനങ്ങളും അഴിമതിയുടെ കൂത്തരങ്ങായി മാറി. ഇവയിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തണം. വെള്ളാപ്പള്ളിയെ നവോത്ഥാന സമിതിയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണം. കെകെ മഹേശന്റെ മരണത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തണം. ഈ മാസം ഈ ആവശ്യം ഉന്നയിച്ച് സെക്രട്ടേറിയേറ്റിന് മുന്നിൽ വിവിധ സംഘടനകൾ ധർണ്ണ നടത്തും. യോഗത്തിൽ പങ്കെടുത്ത സികെ വിദ്യാസാഗർ നവോത്ഥാന സമിതി വൈസ് ചെയർമാൻ സ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപിച്ചു.

അതിനിടെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. എസ്എൻഡിപി വൈസ് പ്രസിഡന്റും ബിഡിജെഎസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളിയെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ പൊലീസ് സംഘം തീരുമാനിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയ്ക്കാണ് ചോദ്യം ചെയ്യൽ. മഹേശൻ കത്തുകളിൽ പറഞ്ഞ സാമ്പത്തിക ആരോപണങ്ങൾ മുൻനിർത്തിയാവും ചോദ്യം ചെയ്യൽ. മാരാരിക്കുളം പൊലീസ് കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി ചോദ്യം ചെയ്യും.

click me!