
തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പരസ്പരം ആക്രോശിച്ച് ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങള്‍. വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും ഭരണപക്ഷ എംഎല്‍എമാര്‍ മോശമായി മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്തെന്നും എംഎല്‍എ കെ കെ രമ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
സമാധാനപരമായി മുദ്യാവാക്യം വിളിച്ച് പ്രതിഷേധിക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിന്‍റെ ഉദ്ദേശം. സ്പീക്കറുടെ ഓഫീസിന് മുന്നിലിരുന്ന പ്രതിഷേധിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് വാച്ച് ആൻഡ് വാർഡ് അപമര്യാദയായി പെരുമാറുകയും തട്ടികയറുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. പിന്നാലെ വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷത്തിന് നേരെ തിരിയുകയായിരുന്നുവെന്ന് കെ കെ രമ പറഞ്ഞു. വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും സലാം എംഎല്‍എ ചവിട്ടിയെന്നും കെ കെ രമ പ്രതികരിച്ചു. പ്രധാനപ്പെട്ട ഒരു വിഷയം ചർച്ച ചെയ്യാനായില്ലെങ്കിൽ പിന്നെ എന്തിനാണ് സഭയെന്ന് കെ കെ രമ ചോദിച്ചു. ആക്രമണത്തിൽ സ്പീക്കർ മറുപടി പറയണമെന്നും കെ കെ രമ പറഞ്ഞു.
Also Read: സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം: എംഎൽഎ ബോധംകെട്ട് വീണു, കൈയ്യേറ്റം ചെയ്‌തതെന്ന് പ്രതിപക്ഷം
ബലപ്രയോഗത്തിനിടെ യുഡിഎഫ് എംഎൽഎ സനീഷ് കുമാർ ജോസഫ് ബോധം കെട്ട് വീണു. ഇദ്ദേഹത്തെ ഉടൻ തന്നെ വാച്ച് ആന്റ് വാർഡ് അംഗങ്ങൾ പ്രതിഷേധം നടന്ന സ്ഥലത്ത് നിന്ന് മാറ്റി. ഇപ്പോൾ നിയമസഭയിലെ ഡോക്ടർമാർ ഇദ്ദേഹത്തെ പരിശോധിക്കുകയാണ് എന്നാണ് വിവരം.