കൊവിഡ് പ്രതിരോധ മാതൃകയിലൂടെ കേരളത്തിൽ മെഡിക്കൽ ടൂറിസത്തിന് വൻ സാധ്യതയെന്ന് മന്ത്രി കെകെ ശൈലജ

By Web TeamFirst Published Oct 10, 2020, 7:02 PM IST
Highlights

കൊവിഡ് പ്രതിരോധത്തില്‍ ആഗോള മാതൃക സൃഷ്ടിച്ച കേരളത്തിന്‍റെ ആരോഗ്യപരിപാലന സംവിധാനം സംസ്ഥാനത്തെ മെഡിക്കല്‍ ടൂറിസത്തിന് അനന്ത സാധ്യതകളാണ് പ്രദാനം ചെയ്യുന്നതെന്ന് സംസ്ഥാന ആരോഗ്യ-സാമൂഹ്യക്ഷേമ മന്ത്രി കെ കെ ശൈലജ.

കൊച്ചി: കൊവിഡ് പ്രതിരോധത്തില്‍ ആഗോള മാതൃക സൃഷ്ടിച്ച കേരളത്തിന്‍റെ ആരോഗ്യപരിപാലന സംവിധാനം സംസ്ഥാനത്തെ മെഡിക്കല്‍ ടൂറിസത്തിന് അനന്ത സാധ്യതകളാണ് പ്രദാനം ചെയ്യുന്നതെന്ന് സംസ്ഥാന ആരോഗ്യ-സാമൂഹ്യക്ഷേമ മന്ത്രി കെ കെ ശൈലജ.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച വെര്‍ച്വല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തില്‍ കൊവിഡ് രോഗികളില്‍ 0.36 ശതമാനം മാത്രമാണ് മരണപ്പെടുന്നതെന്ന്  മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ തനതു ചികിത്സാരീതിയായ ആയുര്‍വേദം നിരവധി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു. 

അത്യാധുനിക സൗകര്യങ്ങളുള്ള ചികിത്സാ സംവിധാനമാണ് കേരളത്തിന്‍റെ പ്രധാന കൈമുതല്‍. മറ്റ് ഏഷ്യന്‍ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍  താരതമ്യേന കുറഞ്ഞ ചികിത്സാ ചെലവാണ് കേരളത്തില്‍ ലഭ്യമാകുന്നത്. ടൂറിസത്തില്‍ നിന്ന്  സാധാരണക്കാരനും  പ്രയോജനമുണ്ടാകണമെന്ന് അവര്‍ പറഞ്ഞു.

കേരളത്തിന്‍റെ ആരോഗ്യപരിപാലന മേഖലയിലെ പ്രചാരണ പരിപാടികള്‍ ടൂറിസത്തെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത പറഞ്ഞു. നിലവില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ സഞ്ചാരികളില്‍ പത്തു ശതമാനം മാത്രമേ കേരളത്തിലേക്കെത്തുന്നുള്ളൂ. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സമയം സഞ്ചാരികള്‍ ചെലവഴിക്കുന്നത് കേരളത്തിലാണ്. അതിനു കാരണം ആരോഗ്യടൂറിസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കേരള ടൂറിസത്തിന്‍റെ പ്രചാരണത്തിനായി ഇതുപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ആരോഗ്യസേവനങ്ങള്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് ഏറ്റവും പറ്റിയ ഇടം കേരളമാണെന്ന് സിഐഐ കേരള ചെയര്‍മാനും മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ എംഡിയുമായ തോമസ് ജോണ്‍ മുത്തൂറ്റ് ചൂണ്ടിക്കാട്ടി. 

കേരളത്തിലെ ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ സാങ്കേതികത്തികവ്, ഡോക്ടര്‍മാര്‍, നഴ്സ്, മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെ വൈദഗ്ധ്യം എന്നിവയില്‍ കേരളമാണ് എന്നും മുന്‍പന്തിയിലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മൊത്തം ആരോഗ്യ സേവന വിപണിയില്‍ 80 ശതമാനം ആശുപത്രി വ്യവസായത്തില്‍ നിന്നുമാണ്. 17 ശതമാനത്തോളം വാര്‍ഷിക വളര്‍ച്ച നേടുന്ന ഈ വ്യവസായത്തില്‍ വന്‍ തോതിലുള്ള ആഗോള നിക്ഷപത്തിന്‍റെ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാജ്യത്തിന്‍റെ ജിഡിപിയില്‍ നാലു  ശതമാനം ആരോഗ്യമേഖലയില്‍ നിന്നാണെന്ന് കിംസ് ഹെല്‍ത്ത് സിഎംഡിയും സിഐഐ ഹെല്‍ത്ത്കെയര്‍ പാനല്‍ കണ്‍വീനറുമായ ഡോ. എം.ഐ സഹദുള്ള പറഞ്ഞു. അന്താരാഷ്ട്ര മെഡിക്കല്‍ ടൂറിസത്തില്‍ 18 ശതമാനം ഇന്ത്യയില്‍ നിന്നാണ്. കൊവിഡ് കാലം ചില പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പുനരുജ്ജീവനം എളുപ്പമാണെന്ന്  അദ്ദേഹം പറഞ്ഞു. 

ചികിത്സയ്ക്കായി എത്തുന്ന ഓരോ യാത്രക്കാരനും ഇവിടെ നാലു തൊഴിലവസരങ്ങളെങ്കിലും പ്രദാനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെഡിക്കല്‍ ടൂറിസത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കേണ്ടതാണെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു. മെഡിക്കല്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ വിദേശങ്ങളില്‍ റോഡ് ഷോകള്‍ നടത്തുകയും സിഐഐയുമായി ചേര്‍ന്ന് അക്രഡിറ്റഡ് ആശുപത്രികളെക്കുറിച്ച് പ്രചാരണം നടത്തുകയും ചെയ്യണം.  വിദേശ ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ പരിഹരിക്കണമെന്നും ഡോ സഹദുള്ള പറഞ്ഞു. 

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എന്‍എബിഎച്ച് അക്രഡിറ്റേഷനുള്ള മികച്ച ആശുപത്രികള്‍, ലാബുകള്‍ എന്നിവ കേരളത്തിലുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്‍റെ ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആരോഗ്യ ടൂറിസത്തിന്‍റെ കേന്ദ്രമായി കേരളത്തെ കാണുന്നുണ്ടെങ്കിലും പല രോഗികളും മെട്രോ നഗരങ്ങളിലേക്കും ഉത്തരേന്ത്യയിലേക്കുമാണ് ചികിത്സയ്ക്കായി പോകുന്നത്. 

കേരളത്തിലെ ആശുപത്രികളില്‍ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ചികിത്സാചിലവും കുറവാണ്. കേരളത്തിന്‍റെ ഈ സവിശേഷതകള്‍ക്ക് വലിയ പ്രചാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. 42 രാജ്യങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം പരിപാടിയില്‍ ഉണ്ടായിരുന്നു. ഹെല്‍ത്ത് ടൂറിസവുമായി ബന്ധപ്പെട്ട എക്സിബിഷനും വെര്‍ച്വലായി നടന്നു.

സിഐഐ കേരള വൈസ് ചെയര്‍മാനും ബ്രാഹ്മിണ്‍സ് ഫുഡ് ഇന്ത്യ ലിമിറ്റഡിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു സംസാരിച്ചു. ഓപ്പര്‍ച്ച്യുണിറ്റി ഫോര്‍ മെഡിക്കല്‍ വാല്യു ട്രാവല്‍ ഇന്‍ ഗോഡ്സ് ഓണ്‍ കണ്‍ട്രി കേരള-ദി സണ്‍റൈസ് ഡെസ്റ്റിനേഷന്‍ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടന്നു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സിഇഒ ഡോ. ഹരീഷ് പിള്ള, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. വിനീത് എബ്രഹാം, ശ്രീധരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ വൈസ് ചെയര്‍മാന്‍ ഹരി എന്‍ നമ്പൂതിരി, ഓറിയോലിസ് ഹെല്‍ത്ത് ഇന്‍റര്‍നാഷണല്‍ ബിസിനസ് ഡയറക്ടര്‍ സോനാല്‍ പഹ്വ, മാഗ്നസ് ബെസ്റ്റ് ഹെല്‍ത്ത്കെയര്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. മുഹമ്മദ് ബാവാസീര്‍, എന്നിവര്‍ പങ്കെടുത്തു. ഷിനോണ്‍ എച്ച്ബിജി മെഡിക്കല്‍ അസിസ്റ്റന്‍സ് സ്ഥാപനകനും ഡയറക്ടറുമായ അഭീക് മൊയിത്ര മോഡറേറ്ററായിരുന്നു.

click me!