
കണ്ണൂര്‍: കണ്ണൂരിൽ ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംഭവം അത്യന്തം വേദനാജനകമാണെന്ന് പറഞ്ഞ മന്ത്രി നടപടിക്ക് നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍, ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും സ്ഥലം മാറ്റുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
പാനൂരിലെ ഹനീഫ സമീറ ദമ്പതിമാരുടെ കുഞ്ഞാണ് മാസം തികയാതെ വീട്ടിൽ പ്രസവിച്ച് മണിക്കൂറുകൾക്കകം മരിച്ചത്. അടിയന്തര ശുശ്രൂഷ നൽകണമെന്ന് പാനൂർ പിഎച്ച്സിയിൽ എത്തി അഭ്യർത്ഥിച്ചെങ്കിലും ഡോക്ടറോ നഴ്സോ വീട്ടിലേക്ക് വന്നില്ലെന്ന് കുടുംബം പറയുന്നു. എട്ടാം മാസം ഗർഭിണിയായിരുന്ന സമീറയുടെ ആരോഗ്യനില ഇന്ന് രാവിലെ പെട്ടെന്ന് വഷളായി വീട്ടിൽ വച്ചുതന്നെ പ്രസവം നടന്നു. രക്തം നിൽക്കാത്തതിനാൽ അടിയന്തിര ശുശ്രൂഷ നൽകാനാവശ്യപ്പെട്ട് ഹനീഫ പാനൂർ പബ്ലിക് ഹെൽത്ത് സെന്ററിലേക്ക് ഓടിയെത്തി എത്തി. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും ഉടൻ വീട്ടിലേക്ക് എത്തണമെന്നും അഭ്യർത്ഥിച്ചു.
പലതവണ പറഞ്ഞിട്ടും കൊവിഡ് സമയം ആയതിനാൽ വീട്ടിലെത്തി ശുശ്രൂഷ തരാൻ കഴിയില്ലെന്ന് ഹെൽത്ത് സെന്ററിലെ ഡോക്ടറും നഴ്സും ശഠിച്ചു. തുടർന്ന് പാനൂരിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ നിന്നും നഴ്സിനെകൊണ്ടുവന്ന് പൊക്കിൾകൊടി മുറിച്ചു. കുഞ്ഞിനെയും കൊണ്ട് പൊലീസ് ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടിയന്തര ഘട്ടത്തിൽ ചികിത്സ ഉറപ്പാക്കാൻ പരാജയപ്പെട്ടത് കൊണ്ട് പാനൂർ പിഎച്ച്സിയിലെ ഡോക്ടറെയും സ്റ്റാഫ് നഴ്സിനേയും ആരോഗ്യ വകുപ്പ് സ്ഥലം മാറ്റി. വിശദമായ റിപ്പോർട്ട് നൽകാൻ ഡിഎംഒയോട് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യപ്രവർത്തകരുടെ അനാസ്ഥ കാരണമാണ് കുഞ്ഞ് മരിച്ചതെന്നാരോപിച്ച് മഹിളാ മോർച്ചയും യൂത്ത് കോൺഗ്രസും പാനൂർ പിഎച്ച്സിയിലേക്ക് മാർച്ച് നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam