'പരിഹാസവും വിമര്‍ശനവും പൊറുക്കാനാവാത്തത്'; ദിവ്യ എസ് അയ്യരെ പിന്തുണച്ച്, ജസീന്തയെ ഓര്‍മിപ്പിച്ച് കെകെ ശൈലജ

Published : Nov 07, 2022, 09:23 PM ISTUpdated : Dec 01, 2022, 01:55 PM IST
'പരിഹാസവും വിമര്‍ശനവും പൊറുക്കാനാവാത്തത്'; ദിവ്യ എസ് അയ്യരെ പിന്തുണച്ച്, ജസീന്തയെ ഓര്‍മിപ്പിച്ച് കെകെ ശൈലജ

Synopsis

സ്ത്രീകള്‍ പൊതുപ്രവര്‍ത്തനത്തിന് പോകുമ്പോള്‍ മിക്കപ്പോഴും കുഞ്ഞുങ്ങളെ കൂടെ കൊണ്ടുപോകുന്നത് അത്രയും നേരമെങ്കിലും അമ്മയുടെ സാമീപ്യം കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കാനാണ്- കെകെ ശൈലജ പറയുന്നു

കണ്ണൂര്‍: പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ പൊതുപരിപാടിക്കിടെ മകനെ മടിയിലിരുത്തിയുള്ള ചിത്രത്തെ വിമർശിച്ചവര്‍ക്കെതിരെ മുന്‍ ആരോഗ്യ മന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയുമായ കെകെ ശൈലജ. പിഞ്ചുകുഞ്ഞുമായി പരിപാടിയില്‍ പങ്കെടുത്തതിനെ അഭിനന്ദിക്കുന്നതിന് പകരം അവരെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം.

ദിവ്യ എസ് അയ്യര്‍ കുഞ്ഞുമായി പൊതുപരിപാടിക്കെത്തിയതിനെ എതിര്‍ത്തും അനുകൂലിച്ചും വൻ ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ നടന്നത്.  ഔദ്യോഗിക കാര്യങ്ങൾക്കിടെ കുട്ടികളുമായി എത്തുന്നത് എന്തിനെന്നാമെന്നും കളക്ടര്‍ പരിധി വിടുന്നു എന്നും പൊങ്ങച്ചം കാണിക്കുന്നു എന്നും  വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനെതിരെയാണ് ശൈലജയുടെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം

പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് ഐയ്യര്‍ തന്റെ കുഞ്ഞിനെയുംകൊണ്ട് പൊതുപരിപാടിയില്‍ പങ്കെടുത്തതിനെ ചിലര്‍ വിമര്‍ശിച്ചതായി അറിഞ്ഞു. ഇത്രമാത്രം മനുഷ്യത്വരഹിതമായി കാര്യങ്ങള്‍ കാണാന്‍ ആര്‍ക്കാണ് കഴിയുന്നത്. പിഞ്ചുകുഞ്ഞുമായി പരിപാടിയില്‍ പങ്കെടുത്തതിനെ അഭിനന്ദിക്കുന്നതിന് പകരം അവരെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ്. ജോലിക്കും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം പോകുന്ന സ്ത്രീകള്‍ക്ക് രണ്ട് പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ടിവരുന്നുണ്ട്. 

ഒന്ന് അമ്മയെന്ന നിലയില്‍ കുഞ്ഞിന് ആവശ്യമായ സംരക്ഷണം കൊടുക്കുകയെന്നതാണ് ഒപ്പം തന്നെ പൊതുജനങ്ങളുടെ വിഷയത്തില്‍ ഇടപെടുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകള്‍ ഈ രണ്ട് ഉത്തരവാദിത്വങ്ങളും ഏറെ പ്രയാസപ്പെട്ടാണെങ്കിലും ഭംഗിയായി നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവരാണ്. ഇതാദ്യമായല്ല കുഞ്ഞിനെയും കൊണ്ട് സ്ത്രീകള്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന അവസ്ഥയുണ്ടാവുന്നത്. സ്ത്രീകള്‍ പൊതുപ്രവര്‍ത്തനത്തിന് പോകുമ്പോള്‍ മിക്കപ്പോഴും കുഞ്ഞുങ്ങളെ കൂടെ കൊണ്ടുപോകുന്നത് അത്രയും നേരമെങ്കിലും അമ്മയുടെ സാമീപ്യം കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കാനാണ്. 

അതുകൊണ്ട് സാധിക്കാവുന്നിടത്തെല്ലാം കുഞ്ഞുങ്ങളെയും കൊണ്ടുപോവുന്നത് മനുഷ്യത്വപൂര്‍ണമായിട്ടുള്ള കാര്യമാണെന്ന് ജനങ്ങള്‍ അംഗീകരിക്കുകയാണ് വേണ്ടത്. വളരെ പ്രശസ്തയായ ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കാന്‍ പോയത് മൂന്ന് മാസം പ്രായമുള്ള തന്റെ കുഞ്ഞിനെയും കൊണ്ടാണ്. ഒരു സമാധാന സമ്മേളനത്തില്‍ പ്രസംഗിക്കാനാണ് ജസീന്ത ഐക്യരാഷ്ട്ര സഭയില്‍ പങ്കെടുത്തത്. 

പ്രസംഗിക്കാന്‍ പ്രസംഗ പീഠത്തിലേക്ക് പോകുന്നത് വരെ തന്റെ കുഞ്ഞിനെ കളിപ്പിക്കുകയായിരുന്നു ജസീന്ത. ലോകം മുഴുവന്‍ ആ പ്രവൃത്തിയെ അന്ന് ഏറെ പ്രശംസിച്ചു. അങ്ങനെ കാണാന്‍ കഴിയാത്തവര്‍ മനുഷ്യത്വമില്ലാത്തവരാണെന്ന് കരുതേണ്ടതായി വരും. അതുകൊണ്ട് ഇത്തരം കാര്യങ്ങളെ ശരിയായ അര്‍ഥത്തില്‍ മനസിലാക്കാന്‍ പൊതുസമൂഹം തയ്യാറാവേണ്ടതുണ്ട്. കുഞ്ഞിന്റെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ദിവ്യ എസ് ഐയ്യര്‍ക്ക് എല്ലാ ആശംസകളും നേരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടുപ്പിച്ച് നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും
തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല